
തിരുവനന്തപുരം: കേരള സർക്കാർ പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ‘നമ്മുടെ കേരളം’ എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ് പോർട്ടലും സജ്ജമാക്കി. സംസ്ഥാനത്തെ വിവിധ വകുപ്പുകൾ നൽകുന്ന നൂറ്റിയമ്പതിലധികം സേവനങ്ങൾ ഇനി ഈ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും.

ജനന, മരണം, വിവാഹ സർട്ടിഫിക്കറ്റുകൾ, റവന്യൂ സർട്ടിഫിക്കറ്റുകൾ, വിവിധ ലൈസൻസുകൾ, ക്ഷേമ പെൻഷനുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇനി നിരവധി ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമില്ല. ‘നമ്മുടെ കേരളം’ ആപ്പ് ഉപയോഗിച്ച് ഈ സേവനങ്ങൾ എളുപ്പത്തിൽ അപേക്ഷിക്കാനും ലഭ്യമാക്കാനും സാധിക്കും.
ഇതിന് പുറമെ, വിവിധ സർക്കാർ ഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ മുൻകൂർ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും അഴിമതിയോ സാമൂഹിക പ്രശ്നങ്ങളോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും ഈ പ്ലാറ്റ്‌ഫോം സഹായകരമാകും.
അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി എസ്.ഒ.എസ് (SOS) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ഡാറ്റാ സുരക്ഷ ഉറപ്പാക്കിയിരിക്കുന്ന ഈ സേവനം ആൻഡ്രോയിഡ്, ഐഒഎസ് (iOS) പ്ലാറ്റ്‌ഫോമുകളിലും വെബ് പോർട്ടലായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. സംസ്ഥാനത്ത് ഡിജിറ്റൽ ഗവണ്മെന്റ് സേവനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിന് ഈ പദ്ധതി നിർണായകമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.