തിരുവനന്തപുരം: അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉത്പാദക കമ്പനിയിൽ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ധാരണാപത്രം ഒപ്പുവച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.
ജൈവ കൃഷിക്ക് അന്തർദേശിയ അംഗീകാരം
330 ഹെക്ടർ സ്ഥലത്ത് പൂർണ്ണമായും ജൈവ രീതിയിൽ കാപ്പി, കുരുമുളക്, മഞ്ഞൾ, കൊക്കോ തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. റൈൻ ഫോറസ്റ്റ് അലയൻസ് ജൈവ സർട്ടിഫിക്കേഷൻ, പിജിഎസ് ഓർഗാനിക് സർട്ടിഫിക്കേഷൻ എന്നിവ ലഭിച്ചിട്ടുള്ളതിനാൽ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ട്.
അതിരപ്പള്ളിയിലെ ലിബറിക്ക കോഫി വിദേശ ലാബ് പരിശോധനയിൽ ഉന്നത നിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് യൂറോപ് ആസ്ഥാനമായ ജെ എസ്&ടി അസ്സോസിയേറ്റ്സ് എന്ന കമ്പനിക്ക് കയറ്റുമതി ചെയ്യുന്നതിനായി അതിരപ്പള്ളി ട്രൈബൽ വാലി എഫ്.പി.സി. ധാരണാപത്രം ഒപ്പുവച്ചു.
സ്വീഡനിലേക്ക് ജൈവ കുരുമുളക്
ജൈവ രീതിയിൽ ഉത്പാദിപ്പിച്ച കുരുമുളക് കയറ്റുമതിക്കായി സ്വീഡൻ ആസ്ഥാനമായ വൈക് വർക്സ് എബി എന്ന കമ്പനിയും അതിരപ്പള്ളി ട്രൈബൽ വാലി എഫ്.പി.സി.യും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
ഈ ഉടമ്പടിയിലൂടെ കേരളത്തിലെ കാർഷികോൽപ്പന്നങ്ങൾക്ക് അന്തർദേശിയ വിപണിയിൽ കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.
