കൊല്ലം: മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ടിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 17ന് വൈകിട്ട് 4.30ന് മുട്ടറ സര്‍ക്കാര്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ ടൂറിസം പദ്ധതിയിലുടെ 2.65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മരുതിമലയിൽ നടപ്പിലാക്കുന്നുണ്ട്. റോക്ക് ക്ലൈംബിംഗ്, ഫുഡ് കിയോസ്‌ക്, പാര്‍ക്കിംഗ് സൗകര്യം, വിശ്രമകേന്ദ്രം, വ്യൂവിംഗ് ഡെക്ക്, ശുചിമുറി ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടും.
സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിലുള്ള മരുതിമലയുടെ 38 ഏക്കർ പ്രദേശം പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് വികസിപ്പിക്കുന്നത്. കസ്തൂരി പാറ, ഭഗവാൻ പാറ, കാറ്റാടി പാറ എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്ന ഭൂപ്രകൃതിക്ക് ദോഷം വരാതെയുള്ള വികസന പ്രവർത്തനങ്ങളാണ് മുട്ടറ മരുതിമല ടൂറിസം സര്‍ക്യൂട്ടിലൂടെ യഥാര്‍ഥ്യമാക്കുക
ഉദ്ഘാടനച്ചടങ്ങിൽ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യ അതിഥിയാകും.
