
തിരുവനന്തപുരം: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്ന സാംസ്കാരിക നേതാവ് കെ. സച്ചിദാനന്ദന്റെ അഭിപ്രായത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തള്ളിക്കളഞ്ഞു.

എൽഡിഎഫിന്റെ തുടർഭരണം സാധ്യമായാൽ മലയാളഭാഷയിൽ തന്നെ ‘പാവപ്പെട്ടവൻ’ എന്ന വാക്ക് ഇല്ലാതാകുമെന്നും, എല്ലാവരെയും വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാനത്തെ വർഗീയ ശക്തികളുടെ കോർഡിനേറ്റർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിക് വർഗീയ ലക്ഷ്യങ്ങളില്ലെന്ന വിഡി സതീശന്റെ മുൻകാല പ്രസ്താവനയോട് കോൺഗ്രസ് ഹൈകമാൻഡ് യോജിക്കുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
എൽഡിഎഫിന് വർഗീയ ശക്തികളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും, ഭാവിയിലും അത്തരം ബന്ധം ഉണ്ടാകില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. മീഡിയ വൺ ചാനലിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.
എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ കുത്തകകളെ സഹായിക്കുകയും സാധാരണ ജനങ്ങളെയും പാവങ്ങളെയും ഞെക്കി പിഴിയുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.