
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയുമായും മറ്റ് ഹിന്ദു സംഘടനകളുമായും സഹകരിക്കാൻ എസ്‌എൻഡിപി യോഗം തയ്യാറാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നായർ–ഈഴവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും, സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കായി സമുദായ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നായർ സർവീസ് സൊസൈറ്റിയെയും എസ്‌എൻഡിപിയെയും തമ്മിൽ അകറ്റിയത് മുസ്ലിം ലീഗ് നേതൃത്വമാണെന്നും, താൻ മുസ്ലിം വിരോധിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗിന്റെ വർഗീയ നിലപാടുകളെയാണ് എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി, അദ്ദേഹം കോൺഗ്രസിലെ “ഇന്നലെ പൂത്ത തകര”യാണെന്ന് പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എ.കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും താനൊരു വർഗീയവാദിയാണെന്ന് പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.
“നായാടി മുതൽ നമ്പൂതിരി വരെ” എന്ന ആശയത്തിലൂന്നിയ സമുദായ ഐക്യം ആവശ്യമാണെന്നും, ഇത് മറ്റുള്ളവരുടെ അവകാശങ്ങൾ പിടിച്ചുപറ്റുന്നതിനായി അല്ലെന്നും, സാമൂഹിക നീതിയും ഐക്യവും ഉറപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.