You are currently viewing വോയേജർ 2 മായി നാസ പുർണ്ണ ബന്ധം പുനസ്ഥാപിച്ചു

വോയേജർ 2 മായി നാസ പുർണ്ണ ബന്ധം പുനസ്ഥാപിച്ചു

നാസ അതിന്റെ ഏറ്റവും ഉയർന്ന പവർ ട്രാൻസ്മിറ്റർ ഉപയോഗിച്ച് അയച്ച സിഗ്നലുകൾ വഴി വോയേജർ 2 ഉമായി ബന്ധം പുനസഥാപിച്ചതായി അറിയിച്ചു. പേടകത്തിൻ്റെ  ആന്റിനയുടെ ദിശ ശരിയാക്കി വോയേജർ 2 മായി പൂർണ്ണ സമ്പർക്കം വീണ്ടെടുക്കാൻ നാസയ്ക്ക് കഴിഞ്ഞു. ബാഹ്യഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യാനും മനുഷ്യരാശിയെ വിശാലമായ പ്രപഞ്ചത്തിൻ്റെ മുന്നിൽ പ്രതിനിധീകരിക്കാനുമുള്ള ദൗത്യവുമായി 1977-ൽ വിക്ഷേപിച്ച വോയേജർ 2 നിലവിൽ ഭൂമിയിൽ നിന്ന് 12.3 ബില്യൺ മൈലുകൾ അകലെയാണ്, അതായത് നമ്മുടെ സൗരയൂഥത്തിന് അപ്പുറത്താണ്.

ജൂലൈ 21-ന് ബഹിരാകാശ പേടകത്തിലേക്ക്  അശ്രദ്ധമായി അയച്ച ഒരു കൂട്ടം കമാൻഡുകൾ  അതിന്റെ ആന്റിനയെ രണ്ട് ഡിഗ്രി തെറ്റായി ക്രമീകരിച്ചത് പേടകവുമായുള്ള ആശയ വിനിമയത്തെ വിച്ഛേദിച്ചു. തുടക്കത്തിൽ  ഒക്ടോബർ 15 ന് മാത്രമേ സ്ഥിതിഗതികൾ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നിരുന്നാലും, ചൊവ്വാഴ്ച, വോയേജർ 2-ൽ നിന്നുള്ള ശക്തി കുറഞ്ഞ “ഹൃദയമിടിപ്പ്” തരംഗങ്ങൾ കണ്ടെത്താൻ ഡീപ് സ്പേസ് നെറ്റ്‌വർക്ക് (ഡിഎസ്എൻ) ലെ എഞ്ചിനീയർമാർക്ക് സാധിച്ചു.

ഭാഗ്യവശാൽ, ഓഗസ്റ്റ് 4 ന്, കിഴക്കൻ സമയം പുലർച്ചെ 12:29 ന്, വോയേജർ 2 സയൻസ്, ടെലിമെട്രി ഡാറ്റ തിരികെ അയക്കാൻ തുടങ്ങി, അത് സാധാരണ രീതിയിലും ഉദ്ദേശിച്ച രീതിയിലും പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു.

2018 ഡിസംബറിൽ ഹീലിയോസ്ഫിയർ എന്നറിയപ്പെടുന്ന സൂര്യൻ്റെ സംരക്ഷണ കാന്തിക കുമിളയിൽ നിന്ന് വോയേജർ 2 പുറത്തുകടക്കുകയും നിലവിൽ നക്ഷത്രങ്ങൾക്കിടയിലുടെ സഞ്ചരിക്കുകയും ചെയ്യുന്നു.  നമ്മുടെ സൗരയൂഥത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, അത് വ്യാഴത്തെയും ശനിയെയും പര്യവേക്ഷണം ചെയ്തു, യുറാനസും നെപ്റ്റ്യൂണും സന്ദർശിക്കുന്ന ആദ്യത്തെ ഏക ബഹിരാകാശ വാഹനമായി.

വോയേജർ 1, അതായതു വോയേജർ 2 ന്റെ ഇരട്ട, 2012 ൽ നക്ഷത്രാന്തര ലോകത്ത് പ്രവേശിച്ചു, ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 15 ബില്യൺ മൈൽ അകലെയാണ്.  ഭൂമിയിലെ ജീവനെ പ്രതിനിധീകരിക്കുന്ന എൻകോഡ് ചെയ്ത ചിത്രങ്ങളും സംഗീതവും ശബ്ദങ്ങളും അടങ്ങിയ “ഗോൾഡൻ റെക്കോർഡുകൾ” രണ്ടും വഹിക്കുന്നു, ഇത് അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്താൻ ഉദ്ദേശിച്ചുള്ളതാണ്.

അവരുടെ ശാസ്ത്രീയ ഡാറ്റാ പ്രക്ഷേപണം തുടരുന്നുണ്ടെങ്കിലും, പേടകങ്ങളുടെ പവർ ബാങ്കുകൾ 2025 ന് ശേഷം എപ്പോഴെങ്കിലും ക്ഷയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം, അവർ ആകാശഗംഗയിലൂടെ തങ്ങളുടെ യാത്ര തുടരും, ഒരുപക്ഷേ എന്നേക്കും, നിശബ്ദമായി.

Leave a Reply