You are currently viewing ദേശീയപാത 183എ: പ്രാഥമിക സർവേ പൂർത്തിയായി; പാത കരുനാഗപ്പള്ളി വരെ നീട്ടൽ സർക്കാർ പരിഗണനയിൽ

ദേശീയപാത 183എ: പ്രാഥമിക സർവേ പൂർത്തിയായി; പാത കരുനാഗപ്പള്ളി വരെ നീട്ടൽ സർക്കാർ പരിഗണനയിൽ

  • Post author:
  • Post category:Kerala
  • Post comments:0 Comments

കരുനാഗപ്പള്ളി ∙ ഭരണിക്കാവിൽ ആരംഭിച്ച് മുണ്ടക്കയത്ത് അവസാനിക്കുന്ന ദേശീയപാത 183എ കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനത്തേക്ക് മൈനാഗപ്പള്ളി വഴി നീട്ടേണ്ടതുണ്ടെന്ന ആവശ്യം ഹൈവേ ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയം പരിശോധിക്കുന്നതായി എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയുടെ വികസനം അത്യാവശ്യമാണെന്ന് അധികൃതർ വിലയിരുത്തുന്നു. എൻ‌എച്ച്എയ് (NHAI) നടത്തിയ പ്രാഥമിക സർവേ ഇതിനകം പൂർത്തിയായതായും, പദ്ധതിയുടെ പ്രയോജനങ്ങൾ വിലയിരുത്തുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഹൈവേ മന്ത്രാലയം നിർദ്ദേശിച്ചതായും അധികൃതർ അറിയിച്ചു.

പാതയുടെ വികസനം ദേശീയപാത 66-ലേക്കുള്ള വേഗതയുള്ള കിഴക്കൻ കണക്ഷൻ ഉറപ്പാക്കുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലേക്കുള്ള യാത്രയും സുഗമമാക്കും. പാത വികസനത്തിനാവശ്യമായ പുറമ്പോക്ക് ഭൂമി പല സ്ഥലങ്ങളിലും ഇതിനകം ലഭ്യമാണ്, എന്നാൽ 24 മീറ്റർ വീതിയിലേക്കുള്ള വികസന പരിഗണനയിൽ ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടാകും കൊടിക്കുന്നിൽ പറഞ്ഞു.

2016-ൽ കൊല്ലം-തേനി ദേശീയപാത 183-ന്റെ രൂപരേഖ തയ്യാറാക്കുമ്പോൾ തന്നെ ഈ പാത കരുനാഗപ്പള്ളി വരെ നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും അന്നത്തെ സാഹചര്യത്തിൽ ഭരണിക്കാവിൽ നിന്ന് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിയതിനാൽ, ദേശീയപാത 66-ഉം കൊല്ലം-തേനി ദേശീയപാതയും നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 183എ പാതയും കരുനാഗപ്പള്ളി വരെ നീട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്.

ഹൈവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി  കൊടിക്കുന്നിൽ സുരേഷ്  വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയിൽ, നിവേദനം തുടർ നടപടികൾക്കായി പരിഗണനയിലാണെന്നും പറഞ്ഞു.

Leave a Reply