
ന്യൂഡൽഹി: ദേശീയപാത 66-ൽ നിലവിൽ മണ്ണുകൊണ്ട് നിർമ്മിക്കുന്ന ഉയരപ്പാതയ്ക്ക് പകരം പില്ലറിൽ തീർത്ത കോൺക്രീറ്റ് ഉയരപ്പാത നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഉറപ്പ് നൽകി. ദേശീയപാതയുടെ നിർമ്മാണഘട്ടത്തിൽ ഉണ്ടാകുന്ന നിരന്തര അപകടങ്ങൾ സംബന്ധിച്ച ഉയർത്തിയ ആശങ്കകൾക്ക് മറുപടിയായാണ് മന്ത്രിയെ ഉറപ്പ് നൽകിയത്

ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ആവശ്യം പൂർണ്ണമായും ശരിയാണെന്ന് മന്ത്രി അംഗീകരിച്ചു. മണ്ണുകൊണ്ട് നിർമ്മിച്ച ഉയരപ്പാതകൾ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും, പകരം പില്ലറുകളിൽ ആധാരമാക്കിയ കോൺക്രീറ്റ് ഉയരപ്പാതകൾ നിർമ്മിക്കേണ്ടതുണ്ടെന്നുമാണ് എംപി സഭയിൽ വ്യക്തമാക്കിയത്.
ഈ നിർദ്ദേശം കേന്ദ്ര സർക്കാർ നടപ്പാക്കുമെന്നും, ദേശീയപാത 66-ന്റെ നിർമാണത്തിൽ സുരക്ഷയ്ക്കാണ് മുൻഗണന നൽകുകയെന്നും മന്ത്രി ഗഡ്കരി അറിയിച്ചു. നിർമ്മാണഘട്ടത്തിൽ തന്നെ അപകടങ്ങൾ ഒഴിവാക്കുന്നതിനും ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.