ജൈവവൈവിധ്യത്തിന് പേരുകേട്ട ആമസോൺ മഴക്കാടുകളിലെ പ്രദേശമായ യാസുനി നാഷണൽ പാർക്കിൽ എണ്ണ ഖനനം നിരോധിക്കാൻ ഇക്വഡോറിയക്കാർ വോട്ട് ചെയ്തു. ഇക്വഡോറിലെ നാഷണൽ ഇലക്ടറൽ കൗൺസിൽ റിപോർട്ട് അനുസരിച്ച് 59 ശതമാനം വോട്ടർമാർ എണ്ണ ഖനനത്തെ എതിർത്തപ്പോൾ 41 ശതമാനം പേർ അനുകൂലിച്ചു.
ജൈവ ഇന്ധന ഉപയോഗത്താൽ നയിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഈ വോട്ട് പ്രാധാന്യമർഹിക്കുന്നു.
ആമസോൺ, ആൻഡീസ്, ഭൂമധ്യരേഖ എന്നിവയുടെ സംഗമസ്ഥാനത്ത് ഏകദേശം 1 ദശലക്ഷം ഹെക്ടർ വിസ്തൃതിയുള്ളതാണ് യാസുനി നാഷണൽ പാർക്ക്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും വൈവിധ്യത്തിന് പേരുകേട്ടതാണ് ഇത്. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ പാർക്കിന് താഴെ ഭൂമിക്കടിയിലാണ് ഇക്വഡോറിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരം.
2007-ൽ, പ്രസിഡന്റ് റാഫേൽ കൊറിയ ഒരു പ്രതിവിധി നിർദ്ദേശിച്ചു. യാസൂനിയെ എണ്ണ ഖനനത്തിൽ നിന്ന് ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇക്വഡോറിന് 3.6 ബില്യൺ ഡോളർ സഹായമായി നൽകണം എന്നതായിരുന്നു ഉപാധി. നിർഭാഗ്യവശാൽ, പദ്ധതി പരാജയപ്പെട്ടു. തുടർന്ന്, ഇക്വഡോറിലെ സ്റ്റേറ്റ് ഓയിൽ കമ്പനി പാർക്കിന്റെ ഒരു ചെറിയ ഭാഗത്ത് ഡ്രില്ലിംഗ് ആരംഭിച്ചു, ഇപ്പോൾ ഇത് രാജ്യത്തിന്റെ എണ്ണ ഉൽപാദനത്തിൽ ഗണ്യമായ സംഭാവന നൽകുന്നു.
പാർക്കിലെ ഡ്രില്ലിംഗ് നിരോധിക്കണമെന്ന് യാസുനിഡോസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ ഒരു ദശാബ്ദമായി പ്രചാരണം നടത്തിവരികയാണ്. ആഗസ്റ്റ് 20 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബാലറ്റിൽ വോട്ട് ഉൾപ്പെടുത്താൻ ഭരണഘടനാ കോടതി അനുവദിച്ചപ്പോൾ അവർ സുപ്രധാന വിജയം ഉറപ്പിച്ചു.
നിരോധനം ഇക്വഡോറിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ചില രാഷ്ട്രീയക്കാർ വാദിച്ചപ്പോൾ, ജൈവ ഇന്ധനങ്ങളിൽ നിന്ന് രാജ്യം മാറണമെന്നും ആമസോണിന്റെ സംരക്ഷണത്തിനായി ഇക്കോ ടൂറിസത്തെ ബദൽ വരുമാന സ്രോതസ്സായി പ്രോത്സാഹിപ്പിക്കണമെന്നും പരിസ്ഥിതി, തദ്ദേശീയ ഗ്രൂപ്പുകൾ വാദിച്ചു.
റഫറണ്ടത്തിന്റെ ഫലം ഇക്വഡോറിനും ലോകത്തിനും ഒരു ചരിത്ര വിജയമായി ആഘോഷിക്കപ്പെടുന്നു. ആദ്യ റൗണ്ടിൽ ലൂയിസ ഗോൺസാലസ് ലീഡ് ചെയ്യുന്ന പ്രസിഡൻഷ്യൽ, ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പുകൾക്കൊപ്പമായിരുന്നു ഇത്. ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാൽ ഒക്ടോബറിൽ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് അന്തിമഫലം നിർണ്ണയിക്കും