നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഫാസ്‌ടാഗ് എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ടോളിംഗ് സംവിധാനത്തിനായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, ഇത് ഇന്ന് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
അഞ്ച് വർഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗ് ഉള്ള വാഹന ഉടമകൾ അവ പൂർണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള പഴയ ടാഗുകൾ ഉള്ളവർ ഒക്ടോബർ 31-നക കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ, എല്ലാ ഫാസ്ടാഗുകളും വാഹനത്തിൻ്റെ രജിസ്ട്രേഷനുമായും ഷാസി നമ്പറുമായും ലിങ്ക് ചെയ്തിരിക്കണം. പുതിയ വാഹന ഉടമകൾക്ക് ഈ ലിങ്കേജ് പൂർത്തിയാക്കാൻ 90 ദിവസത്തെ സമയമുണ്ട്.
ഫാസ്ടാഗ് ദാതാക്കൾക്കും പുതിയ ഉത്തരവാദിത്വങ്ങൾ ഉണ്ട്. അവരുടെ ഡാറ്റാബേസുകൾ സ്ഥിരീകരിക്കുകയും വ്യക്തമായ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെ കൃത്യമായ വാഹന വിവരങ്ങൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുകയും വേണം. മാത്രമല്ല, മികച്ച ആശയവിനിമയത്തിനായി ഓരോ ഫാസ്ടാഗും ഒരു മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.
ഈ നിയമങ്ങൾ പാലിക്കാത്തത് ടോൾ പ്ലാസകളിൽ ബുദ്ധിമുട്ടുകൾക്കും കാലതാമസത്തിനും ഇടയാക്കും. അസൗകര്യങ്ങൾ ഒഴിവാക്കാൻ വാഹന ഉടമകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻപിസിഐ അഭ്യർത്ഥിക്കുന്നു.