കൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് നിലകളിൽ നിലകൊള്ളുന്ന പുതിയ കെട്ടിടസമുച്ചയമാണ് നിർമ്മിക്കപ്പെടുന്നത്.
ബസ്സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രി ബാലഗോപാൽ ഡിപ്പോ സന്ദര്‍ശിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപയും എൽ.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 5 കോടി രൂപയും ചേർത്ത് ആകെ 15 കോടി രൂപ വിനിയോഗിച്ചാണ് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. ഇതിനുള്ള രൂപരേഖയ്ക്ക് സർക്കാർ അംഗീകാരം നൽകി കഴിഞ്ഞു.
നിലവിലുള്ള ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കി, പുതിയ ബസ് ടെർമിനലിലേക്കുള്ള റോഡ് നവീകരിക്കും. പ്രധാന റോഡിനോട് ചേർന്നുള്ള സ്ഥാനം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും
പുതിയ ബസ് സ്റ്റാൻഡ് 34,432 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് നിലകളിലായി നിർമ്മിക്കപ്പെടും. ഓരോ നിലയും പ്രത്യേക ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
ഒന്നാം നിലയിൽ, ഗ്യാരേജ്, ഓഫീസുകൾ, ഇലക്ട്രിക്കൽ സ്റ്റോർ റൂം, ജീവനക്കാരുടെ വിശ്രമ മുറികൾ, ലിഫ്റ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കപ്പെടും.
രണ്ടാം നിലയിൽ, കൊറിയർ റൂം, എ.സി. ഫാമിലി വെയിറ്റിംഗ് റൂമുകൾ, സ്ത്രീകൾക്കായി ഫീഡിംഗ് റൂം, സുരക്ഷാ മുറി, പോലീസ് എയ്ഡ് പോസ്റ്റ്, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകൾ, പൊതു ശൗചാലയങ്ങൾ എന്നിവ ഉണ്ടാകും.
മൂന്നാം നിലയിൽ, പുരുഷർക്കുള്ള ഡോർമിറ്ററി, സ്ത്രീകൾക്കുള്ള ഷീ-ഷെൽട്ടർ, കെയർടേക്കർ മുറി, റെസ്റ്റോറന്റ് എന്നിവയും ക്രമീകരിച്ചിരിക്കും.
നാലാം നിലയിൽ, ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സ്ത്രീ ജീവനക്കാർക്കും വിശ്രമ മുറികൾ, ബജറ്റ് ടൂറിസം ഓഫീസുകൾ, ഡി.ടി.ഒ വിഭാഗം, ഓഫീസ് ഏരിയ, കോൺഫറൻസ് ഹാൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
