You are currently viewing ചെറിയനാട്, ഏറ്റുമാനൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ

ചെറിയനാട്, ഏറ്റുമാനൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ

മാവേലിക്കര: മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി 16327/28 മധുര–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കൂടാതെ, ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന 16309/10 എറണാകുളം–കായംകുളം മെമ്മു എക്സ്പ്രസ് ട്രെയിനിന് ഏറ്റുമാനൂർ സ്റ്റേഷനിലും സ്റ്റോപ്പ് ലഭിച്ചു.

മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിൽ ഉണ്ടായ കാലതാമസം അടിയന്തരമായി പരിഹരിക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു നിർദേശം നൽകിയതായും എംപി അറിയിച്ചു. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ച സ്റ്റോപ്പുകൾ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ജനുവരി 8, 10, 15, 17, 22, 24 തീയതികളിൽ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴി സർവീസ് നടത്തുന്ന 16355 തിരുവനന്തപുരം നോർത്ത്–മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു. നേരത്തെ കായംകുളത്തിന് ശേഷം കോട്ടയത്ത് മാത്രമായിരുന്ന സ്റ്റോപ്പ്, യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് വിപുലപ്പെടുത്തുകയായിരുന്നു.

എഴുകോൺ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കൊല്ലം–ചെന്നൈ എഗ്മോർ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുമെന്നും ഉറപ്പ് ലഭിച്ചതായി എംപി വ്യക്തമാക്കി.

Leave a Reply