
ക്രാൻസ്-മൊണ്ടാനെ, സ്വിറ്റ്സർലാൻഡ്:
പുതുവത്സരാഘോഷങ്ങൾ നടക്കുന്നതിനിടെ സ്വിറ്റ്സർലൻഡിൽ വൻ ദുരന്തം. വാലൈസ് കാന്റണിലെ ആഡംബര ആൽപ്പൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മൊണ്ടാനെയിലെ ലെ കോൺസ്റ്റെലേഷൻ ബാറിൽ ജനുവരി 1 പുലർച്ചെ 1.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 40 പേർ മരിച്ചതായി ആശങ്കയുണ്ടെന്നും നൂറോളം പേർക്ക് പരിക്കേറ്റതായും, പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

പുതുവത്സരം ആഘോഷിക്കുന്നതിനായി 100ലേറെ പേർ ബാറിനുള്ളിലുണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് നിരവധി പേർക്ക് ഗുരുതരമായ പൊള്ളലേറ്റു. ഫ്രഞ്ച് ഭാഷാപ്രദേശങ്ങളിലെ ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറഞ്ഞതോടെ, അത്യാഹിതാവസ്ഥയിലുള്ള രോഗികളെ മറ്റ് മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവന്നു.
വൻ രക്ഷാപ്രവർത്തനമാണ് നടന്നത്. 10 ഹെലികോപ്റ്ററുകൾ, 40 ആംബുലൻസുകൾ, ഏകദേശം 150 രക്ഷാപ്രവർത്തകർ എന്നിവരാണ് സ്ഥലത്തെത്തിയത്. കത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ രക്ഷാസേന രാത്രിയിലുടനീളം ശ്രമിച്ചു.
ആദ്യഘട്ടത്തിൽ അജ്ഞാത കാരണത്താൽ ഉണ്ടായ സ്‌ഫോടനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് ഇത് അജ്ഞാത കാരണത്താൽ ഉണ്ടായ തീപിടിത്തമാണെന്നും, ഭീകരാക്രമണമോ ഉദ്ദേശപൂർവമായ ആക്രമണമോ അല്ലെന്നും അധികൃതർ വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും അറിയിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ച പടക്കങ്ങളോ പൈറോ ടെക്നിക് ഉപകരണങ്ങളോ അപകടത്തിന് കാരണമായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ക്രാൻസ്-മൊണ്ടാനെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായതിനാൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഇരകളിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അധികൃതർ പറഞ്ഞു. ഗുരുതരമായ പൊള്ളലേറ്റതിനാൽ തിരിച്ചറിയൽ നടപടികൾക്ക് സമയം എടുക്കുമെന്നും അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്വിറ്റ്സർലൻഡിന്റെ സ്റ്റേറ്റ് കൗൺസിൽ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാൻസ് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കൾ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.