2024 ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ മികച്ച പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബാഴ്സലോണ താരം ലമിന്‍ യാമാല്‍, ബ്രസീലിയൻ താരം നെയ്മർ തന്റെ കാലത്തെയും ഏറ്റവും ആരാധ്യനായ ഫുട്ബോളറാണെന്ന് അഭിമാനത്തോടെ പ്രസ്താവിച്ചു.
17 വയസ്സുള്ള ഈ യുവ പ്രതിഭ ലാ ലിഗയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. അഞ്ചാം വയസ്സില്‍ സാന്‍റോസിനായി കളിക്കുന്ന നെയ്മറിനെ ടെലിവിഷനില്‍ കണ്ടതാണ് ഫുട്ബോളിൽ തന്റെ ആദ്യ പ്രചോദനമായി മാറിയത്. തുടര്‍ന്ന് കാംപ് നൗവിലെ നെയ്മറിന്റെ മികവുകൾ കണ്ടപ്പോൾ വളരെയധികം താൻ ആവേശഭരിതനായെന്ന് അദ്ദേഹം വ്യക്തമാക്കി.
ലമിന്‍ യാമാല്‍ നെയ്മറിനെ തന്റെ പ്രധാന ഫുട്ബോള്‍ പ്രചോദനമായി പരിഗണിക്കുന്നുവെന്ന് പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. ലയണല്‍ മെസ്സിയെ “എല്ലാകാലത്തെയും മികച്ച ഫുട്ബോളര്‍” എന്ന് അംഗീകരിച്ചുകൊണ്ടിരിക്കുമ്പോഴും, നെയ്മറിന്റെ കളി ശൈലിയും അതിലെ സൗന്ദര്യവും തന്നെയാണ് തന്റെ ഹൃദയം കീഴടക്കിയതെന്ന് യാമാല്‍ പറയുന്നു.
ബാഴ്സലോണയിലെ യാമാലിന്റെ സഹതാരം റഫീഞ്ഞ, യാമാലിന്റെ കളി നെയ്മറിന്റെ രീതിയോട് ഏറെ സാമ്യമുള്ളതായും പ്രത്യേകിച്ചും ഡ്രിബ്ലിങ്ങിലും പ്രതിരോധികളെ അമ്പരപ്പിക്കുന്ന കഴിവിലും അത്ഭുതപ്പെടുത്തുന്ന സാമ്യമുണ്ടെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ചടങ്ങില്‍ തന്റെ ഹീറോയെ കണ്ടുമുട്ടിയ സന്തോഷം വെളിപ്പെടുത്തിയ യാമാല്‍, “എന്നെക്കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞ എല്ലാവരോടും നന്ദിയുണ്ട്, പ്രത്യേകിച്ച് എപ്പോഴും താൻ ആരാധനയോടെ നോക്കിക്കാണുന്ന നെയ്മറിനോട് തനിക്ക് കടപ്പാടും ഉണ്ട് ” എന്നു അദ്ദേഹം പറഞ്ഞു.
നെയ്മറിനെ അനുകരിച്ച് യാമാല്‍ അടുത്തിടെ ബ്ലോണ്ട് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചതും ആരാധകരുടെ ശ്രദ്ധ നേടി.
.

ലാമിൻ യാമാൽ നെയ്മറിനൊപ്പം ഒപ്പം /ഫോട്ടോ-എക്സ്