ബ്രസീലിൽ നിന്നുള്ള, പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഫുട്ബോൾ താരമായ നെയ്മർ, സൗദി പ്രോ ലീഗിലേക്ക് മാറുന്നതായും കരീം ബെൻസെമയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പാത പിന്തുടരുമെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ച് തുടങ്ങി. പിഎസ്ജിയിൽ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യമാണിപ്പോൾ. ലയണൽ മെസ്സി ക്ലബിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ നെയ്മറും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. മെസ്സിയെപ്പോലെ നെയ്‌മറും പിഎസ്‌ജിയുടെ ആരാധകരിൽ നിന്ന് കാര്യമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്, അതിനാൽ ഇപ്പോൾ സൗദി പ്രോ ലീഗിലേക്കുള്ള നീക്കവുമായി അതിന് ബന്ധമുണ്ടെന്ന് കരുതുന്നു.
ഇന്റർ മിയാമിയിലേക്കുള്ള മെസ്സിയുടെ ട്രാൻസ്ഫർ നെയ്മറിന് മുന്നിൽ പുതിയ സാധ്യതകൾ തുറന്നിടുന്നു. അൽ-ഹിലാൽ മെസ്സിക്ക് വേണ്ടി ഒരു നീക്കം നടത്തി പരാജയപ്പെട്ട സ്ഥിതിക്ക്, അവരുടെ ശ്രദ്ധ ഇനി നെയ്മറിലേക്ക് മാറിയേക്കാം, പ്രാരംഭ ചർച്ചകൾക്കായി അൽ-ഹിലാലിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം പാരീസിലേക്ക് പറന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചർച്ചകൾ വിജയകരമാണെങ്കിൽ, 2022-23 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനൊപ്പം ചേർന്നപ്പോൾ നേടിയ വേതനത്തിന് സമമായി മൾട്ടി മില്യൺ പൗണ്ട് ഓഫർ നെയ്മറിന് ലഭിച്ചേക്കും
ഏകദേശം 45 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസ് കൂടാതെ, നെയ്മറിന് പ്രതിവർഷം ഏകദേശം 200 മില്യൺ യൂറോയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട വേതനം. 2017-ൽ ബാഴ്‌സലോണയിൽ നിന്ന് നെയ്മറിന്റെ സേവനം സ്വന്തമാക്കാൻ പിഎസ്ജി തുടക്കത്തിൽ £200 മില്യൺ നൽകിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ 2025 വരെ ഫ്രഞ്ച് ചാമ്പ്യന്മാരുമായി താരം കരാറിലാണ്.
പിഎസ്ജിയിൽ ഏറ്റവും പുതിയ സീസണിൽ പരിക്കുകൾ മൂലം പല മത്സരങ്ങളും നെയ്മർക്ക് നഷ്ടമായി. ഫെബ്രുവരിയിൽ, ബ്രസീലുമായുള്ള ലോകകപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ, കണങ്കാലിന് പരിക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നു. എന്നിരുന്നാലും നെയ്‌മറിന്റെ കഴിവുകൾ ലോകമെമ്പാടുമുള്ള ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യം ജനിപ്പിക്കുന്നത് തുടരുന്നു, ഇത് സൗദി പ്രോ ലീഗിലേക്കുള്ള ഉയർന്ന തുകക്കുള്ള കൈമാറ്റത്തിന് അവസരമൊരുക്കും