വാഹനങ്ങളുടെ മുൻവശത്ത് ഫാസ്‌ടാഗ് ശരിയായി ഘടിപ്പിക്കാത്ത ഡ്രൈവർമാർക്കെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എഐ) കർശനമായ നിലപാട് സ്വീകരിക്കും.ടോൾ പ്ലാസകളിലെ കാലതാമസം കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിൽ, മുൻവശത്തെ വിൻഡ്‌ഷീൽഡിൻ്റെ അകത്ത് ഫാസ്‌ടാഗ് ഘടിപ്പിക്കാതെ ടോൾ ലെയ്‌നിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സാധാരണ ടോൾ ഫീസിൻ്റെ ഇരട്ടി ഈടാക്കുമെന്ന് എൻ എച്ച് എ ഐ പറഞ്ഞു.
ഫാസ്‌ടാഗുകൾ ശരിയായി ഘടിപ്പിക്കുന്നത് മനഃപൂർവം അവഗണിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർദ്ധിക്കുന്നത് കാരണമാണ് ഈ തീരുമാനം. അത്തരം പെരുമാറ്റം ഗതാഗതത്തെ തടസ്സപ്പെടുത്തുകയും മറ്റ് ഹൈവേ ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് എൻ എച്ച് എ ഐ പറയുന്നു
കൂടാതെ ഫാസ്ടാഗുകൾ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ (വിആർഎൻ) സിസിടിവി പകർത്തും. ഇത് കുറ്റകൃത്യത്തിൻ്റെ വ്യക്തമായ രേഖ സൃഷ്ടിക്കുകയും ഫീസ് പിരിവ് സുഗമമാക്കുകയും ചെയ്യും.
ഫാസ്ടാഗുകൾ വിൻഡ്ഷീൽഡുകളിൽ ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എൻഎച്ച്എഐ ഇഷ്യൂ ചെയ്യുന്ന ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഏകദേശം 45,000 കിലോമീറ്റർ ദേശീയ പാതകളും എക്‌സ്‌പ്രസ് വേകളും ഉൾക്കൊള്ളുന്ന ഒരു വലിയ ശൃംഖലയിൽ 1,000-ലധികം ടോൾ പ്ലാസകൾ പ്രവർത്തിച്ചു വരുന്നു