
ന്യൂഡൽഹി: കാർ/ജീപ്പ്/വാൻ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് പുതിയതായി നൽകുന്ന എല്ലാ ഫാസ്റ്റാഗുകൾക്കും ഫെബ്രുവരി 1 മുതൽ ‘നോ യോർ വെഹിക്കിൾ’ (KYV) നടപടിക്രമം ഒഴിവാക്കുന്നതായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണിത്.

ഫാസ്റ്റാഗ് ലഭിച്ചതിന് ശേഷവും സാധുവായ വാഹന രേഖകൾ ഉണ്ടായിട്ടും കെവൈവി നടപടികൾ പൂർത്തിയാക്കേണ്ടിവന്നിരുന്നുവെന്ന ഹൈവേ ഉപയോക്താക്കളുടെ പരാതികൾ ഒഴിവാക്കുന്നതിനും പൊതുജന സൗകര്യം വർധിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. ഇതിലൂടെ സ്വകാര്യ വാഹന ഉടമകൾക്ക് നേരിടേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുകളും അനാവശ്യമായ ഫോളോ-അപ്പ് നടപടികളും ഒഴിവാക്കാനാകുമെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.
നിലവിൽ കാർ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള ഫാസ്റ്റാഗുകൾക്കും ഇനി പതിവായി കെവൈവി നിർബന്ധമില്ല. ലൂസ് ഫാസ്റ്റാഗ്, തെറ്റായ ഇഷ്യു, ദുരുപയോഗം തുടങ്ങിയ പരാതികൾ ലഭിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലേ ഇനി കെവൈവി നടപടികൾ ആരംഭിക്കൂ. ഇത്തരം പരാതികൾ ഒന്നും ഇല്ലെങ്കിൽ നിലവിലുള്ള കാർ ഫാസ്റ്റാഗുകൾക്ക് കെവൈവി ആവശ്യമില്ല.
അതേസമയം, സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഫാസ്റ്റാഗ് നൽകുന്ന ബാങ്കുകൾക്കായുള്ള പ്രീ-ആക്ടിവേഷൻ പരിശോധനാ മാനദണ്ഡങ്ങൾ എൻഎച്ച്എഐ ശക്തമാക്കി. പുതുക്കിയ സംവിധാനപ്രകാരം വാഹൻ ഡാറ്റാബേസിലൂടെ വാഹന വിവരങ്ങൾ നിർബന്ധമായും സ്ഥിരീകരിച്ചതിന് ശേഷമേ ഫാസ്റ്റാഗ് ആക്ടിവേഷൻ അനുവദിക്കൂ. മുമ്പ് അനുവദിച്ചിരുന്ന പോസ്റ്റ്-ആക്ടിവേഷൻ പരിശോധനാ സംവിധാനം പൂർണമായി ഒഴിവാക്കി.
വാഹൻ ഡാറ്റാബേസിൽ വാഹന വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഉപയോഗിച്ച് ബാങ്കുകൾ വാഹന വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഫാസ്റ്റാഗ് ആക്ടിവേറ്റ് ചെയ്യാവൂ. ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഫാസ്റ്റാഗ് നൽകുന്ന ബാങ്കുകൾക്കായിരിക്കും.
ഓൺലൈൻ മാർഗങ്ങളിലൂടെ വിൽക്കുന്ന ഫാസ്റ്റാഗുകളും ബാങ്കുകളുടെ സമ്പൂർണ്ണ വാഹന പരിശോധനയ്ക്ക് ശേഷം മാത്രമേ ആക്ടിവേറ്റ് ചെയ്യൂവെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.
ഈ പരിഷ്‌കരണങ്ങളിലൂടെ എല്ലാ പരിശോധനകളും തുടക്കത്തിൽ തന്നെ പൂർത്തിയാകുന്നതിനാൽ, ഫാസ്റ്റാഗ് ആക്ടിവേഷൻ കഴിഞ്ഞ് ഉപഭോക്താക്കളെ വീണ്ടും വീണ്ടും ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവാകുമെന്നും എൻഎച്ച്എഐ അറിയിച്ചു. ഫാസ്റ്റാഗ് സംവിധാനം കൂടുതൽ ജനസൗഹൃദപരവും സുതാര്യവും സാങ്കേതികതയിൽ അധിഷ്ഠിതവുമായതാക്കുന്നതിനൊപ്പം അനുസരണവും ശക്തിപ്പെടുത്തുകയും ഉപയോക്തൃ പരാതികൾ കുറയ്ക്കുകയും ചെയ്യുന്നതിലേക്കുള്ള എൻഎച്ച്എഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.