ട്രെയിനുകളിൽ ലഭിക്കുന്ന ഇറച്ചി വിഭവങ്ങൾ ഹലാൽ രീതിയിൽ തയ്യാറാക്കിയതാണെന്നാരോപിച്ച് ലഭിച്ച പരാതിയെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) റെയിൽവേ ബോർഡിന് നോട്ടീസ് നൽകി. ഹലാൽ ഭക്ഷണം ചില മുസ്ലിം ഇതര മതക്കാരുടെ വിശ്വാസങ്ങൾക്ക് അനുയോജ്യം അല്ലെന്നും ഭക്ഷണ അവകാശത്തോടും വിവേചനപരമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ വിഷയത്തിൽ സമത്വം, വിവേചനരഹിതത്വം, മതസ്വാതന്ത്ര്യം, ഉപജീവനാവകാശം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാകാമെന്ന് എൻ.എച്ച്.ആർ.സി നിരീക്ഷിച്ചു. കോടി കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പൊതുസേവനമായതിനാൽ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളും വൈവിധ്യമാർന്ന ഭക്ഷണശീലങ്ങളും റെയിൽവേ നിർബന്ധമായും മാനിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, ഹലാൽ നിർബന്ധമാണെന്നാരോപണം റെയിൽവേ തള്ളി. ഭക്ഷണം തയ്യാറാക്കുന്നത് പൂർണ്ണമായും എഫ്എസ്എസ്എഐ മാർഗനിർദേശങ്ങൾ പ്രകാരമാണെന്നും, ഹലാൽ സംബന്ധിച്ച വ്യവസ്ഥകൾ ഏതെങ്കിലും ടെൻഡറിലോ കരാറുകളിലോ ഉൾപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ വിതരണക്കാർക്ക് ഇറച്ചി എവിടെനിന്നും ലഭ്യമാക്കാമെന്നതാണ് റെയിൽവേയുടെ നിലപാട്.
രണ്ടാഴ്ചയ്ക്കുള്ളിൽ റെയിൽവേ ബോർഡ് മറുപടി നൽകണമെന്ന് എൻ.എച്ച്.ആർ.സി നിർദേശിച്ചിരിക്കുകയാണ്. തുടർന്ന് കമ്മീഷൻ അന്വേഷണം തുടരുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.
