29,000 വർഷത്തിനുള്ളിൽ നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കുമെന്ന് പ്രവചിക്കപ്പെട്ട ഒരു വൈറ്റ് ഡ്വാർഫ് നക്ഷത്രം നമ്മുക്ക് ഭീഷണി ഉയർത്തില്ലെന്ന് പുതിയ ഗവേഷണം പറയുന്നു
ഡബ്ല്യുഡി 0810–353 എന്ന് വിളിക്കപ്പെടുന്ന നക്ഷത്രം, ഗയ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ സൗരയൂഥവുമായി കൂട്ടിയിടിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്.എന്നാൽ ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ ഗവേഷണം നക്ഷത്രത്തിന്റെ ശക്തമായ കാന്തികക്ഷേത്രം കാരണം ഗയയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്.
“ഗയ പ്രോജക്റ്റ് അളക്കുന്ന സമീപന വേഗത തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തി, ഡബ്ല്യുഡി 0810-353- യും സൂര്യനും തമ്മിലുള്ള കൂട്ടിയിടി യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നില്ല,” ജ്യോതിശാസ്ത്രജ്ഞനായ സ്റ്റെഫാനോ ബഗ്നുലോ ഒരു പ്രസ്താവനയിൽ പറഞ്ഞു. “വാസ്തവത്തിൽ, ഡബ്ല്യുഡി 0810–353 ഒരിക്കലും സൂര്യനിലേക്ക് നീങ്ങില്ലായിരിക്കാം, അതിനാൽ നമ്മൾക്ക് ഈ കോസ്മിക് അപകടത്തെക്കുറിച്ച് ആശങ്ക വേണ്ട”
ഡബ്ല്യുഡി 0810–353 ന്റെ കാന്തിക മണ്ഡലത്തെയും പാതയെയും കുറിച്ച് കൂടുതൽ കൃത്യമായ ചിത്രം ലഭിക്കാൻ ജ്യോതിശാസ്ത്രജ്ഞർ ചിലിയിലെ വളരെ വലിയ ദൂരദർശിനി ഉപയോഗിച്ചു. നക്ഷത്രത്തിന്റെ കാന്തികക്ഷേത്രം ആദ്യം വിചാരിച്ചതിലും വളരെ ശക്തമാണെന്നും ഇത് ഗയ ദൂരദർശിനിയുടെ നേരത്തെയുള്ള കണ്ടെത്തൽ തെറ്റാണെന്നും കണ്ടെത്തി.
ജ്യോതിശാസ്ത്രജ്ഞർ നക്ഷത്രത്തിന്റെ കാന്തികക്ഷേത്രം കണക്കാക്കിയപ്പോൾ, ഡബ്ല്യുഡി 0810–353 യഥാർത്ഥത്തിൽ നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കില്ലെന്ന് കണ്ടെത്തി.
ഭൂമിക്കും നമ്മുടെ സൗരയൂഥത്തിനും ഇതൊരു ആശ്വാസ വാർത്തയാണ് . ഡബ്ല്യുഡി 0810–353 യുമായി കൂട്ടിയിടിക്കുന്നത് വിനാശകരമായിരിക്കും. നക്ഷത്രത്തിന് ഭൂമിയോളം വലിപ്പമുണ്ട്, പക്ഷേ അത് കൂടുതൽ സാന്ദ്രതയുള്ളതാണ്. ഒരു കൂട്ടിയിടി നമ്മുടെ ഭൂമിക്കും സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്കും വിനാശകരമായിരിക്കും
ജ്യോതിശാസ്ത്രജ്ഞരുടെ ഈ ഗവേഷണം ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.