ഉത്തര കൊറിയ വിക്ഷേപിച്ച സൈനിക ചാര ഉപഗ്രഹം എഞ്ചിൻ തകരാർ കാരണം കടലിൽ തകർന്നു വീണു,അതിന്റെ രണ്ടാമത്തെ വിക്ഷേപണം എത്രയും വേഗം നടത്താൻ പദ്ധതിയിടുന്നതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
“പുതിയ തരം എഞ്ചിൻ സിസ്റ്റത്തിന്റെ കുറഞ്ഞ വിശ്വാസ്യതയും സ്ഥിരതയും ഉപയോഗിച്ച ഇന്ധനത്തിന്റെ അസ്ഥിര സ്വഭാവവുമാണ് പരാജയത്തിന് കാരണം ” സർക്കാർ നടത്തുന്ന ബഹിരാകാശ വികസന ഏജൻസിയുടെ വക്താവിനെ ഉദ്ധരിച്ച് കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപോർട്ട് ചെയ്തു.
സാറ്റലൈറ്റ് വിക്ഷേപണത്തിൽ വന്ന ഗുരുതരമായ പിഴവുകൾ സമഗ്രമായി അന്വേഷിക്കുമെന്നും അവ മറികടക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഉത്തരകൊറിയ പറഞ്ഞു, “രണ്ടാം വിക്ഷേപണം കഴിയുന്നത്ര വേഗത്തിൽ വിവിധ ഭാഗ പരീക്ഷണങ്ങളിലൂടെ നടത്തുമെന്ന്” പ്രതിജ്ഞയെടുത്തു.
വിക്ഷേപണത്തെ തുടർന്ന് ദക്ഷിണ കൊറിയയും ജപ്പാനും പൗരന്മാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി, താമസക്കാർ പുറത്താണെങ്കിൽ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചു
ഉത്തരകൊറിയയുടെ വിക്ഷേപണത്തെ “ബാലിസ്റ്റിക് മിസൈൽ” എന്നാണ് ജപ്പാൻ വിശേഷിപ്പിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കെസിഎൻഎ-യുടെ റിപോർട്ട് അനുസരിച്ച്, പ്യോങ്യാങ്ങിന്റെ ആദ്യത്തെ സൈനിക നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിക്ക് നിർദ്ദേശം നൽകി.
ബുധനാഴ്ച മുതൽ വസ്തുക്കൾ വീഴാൻ സാധ്യതയുള്ള മൂന്ന് സമുദ്ര മേഖലകളെക്കുറിച്ച് പ്യോങ്യാങ് ജപ്പാൻ കോസ്റ്റ് ഗാർഡിന് മുന്നറിയിപ്പ് നൽകിയിരുന്നു
ഇതിനിടെ ഉത്തര കൊറിയയുടെ നടപടികൾ യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു
ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കനുസൃതമായി ആയുധങ്ങളുമായി ബന്ധപ്പെട്ട നടപടികളുടെ പേരിൽ ഉത്തരകൊറിയക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 37 തവണ മിസൈലുകൾ വിക്ഷേപിച്ച പ്യോങ്‌യാങ്, ഈ വർഷവും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നത് തുടരുകയാണ്, സമീപഭാവിയിൽ ഉത്തര കൊറിയ എട്ടാമത്തെ ആണവ പരീക്ഷണം നടത്താൻ പദ്ധതിയിടുന്നു എന്ന സംശയം ഉയർത്തുന്നു, ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.