അടുത്തിടെ ഒരു മാധ്യമത്തിൽ, അൽ നാസറിന്റെ സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗുണനിലവാരത്തിന്റെ കാര്യത്തിൽ സൗദി പ്രോ ലീഗ് എംഎൽഎസിനെ മറികടക്കുമെന്ന് താൻ വിശ്വസിക്കുന്നതായി അഭിപ്രായപെട്ടു . ഇന്റർ മിയാമി സിഎഫിൽ ചേർന്ന ലയണൽ മെസ്സിയെപ്പോലെ അമേരിക്കയിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, യുഎസിൽ കളിക്കാനോ യൂറോപ്യൻ ടീമിലേക്ക് മടങ്ങാനോ തനിക്ക് ഉദ്ദേശ്യമില്ലെന്ന് റൊണാൾഡോ ഉറച്ചു പറഞ്ഞു.
സെൽറ്റ വിഗോയോട് അൽ നാസറിന്റെ 5-0 പ്രീസീസൺ തോൽവിക്ക് ശേഷം സംസാരിച്ച റൊണാൾഡോ പറഞ്ഞു, “സൗദി പ്രോ ലീഗ് എംഎൽഎസിനേക്കാൾ മികച്ചതാണ്. കളിക്കാർക്ക് ഇവിടെ വരാൻ ഞാൻ വഴിയൊരുക്കി, ഇപ്പോൾ പലരും ഇങ്ങോട്ട് വരുന്നു.”
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വിടവാങ്ങി റൊണാൾഡോ അൽ നാസറിൽ ചേർന്ന ശേഷം നിരവധി പ്രമുഖ കളിക്കാർ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സൗദി പ്രോ ലീഗിൽ കളിക്കാൻ കരാറുകളിൽ ഒപ്പുവച്ചു. കരീം ബെൻസെമ, മാർസെലോ ബ്രോസോവിച്ച്, എൻഗോലോ കാന്റെ, റോബർട്ടോ ഫിർമിനോ എന്നിവർ സമാനമായ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. നേരത്തെ ഇന്റർ മിലാന് വേണ്ടി കളിച്ചിട്ടുള്ള ബ്രോസോവിച്ച് മത്സരത്തിൽ റൊണാൾഡോയ്‌ക്കൊപ്പം മൈതാനത്തുണ്ടായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച റൊണാൾഡോ, യൂറോപ്പിലെ തന്റെ കളിദിനങ്ങൾ അവസാനിച്ചതായി പ്രഖ്യാപിച്ചു. യൂറോപ്പിലെ കളിയുടെ മൊത്തത്തിലുള്ള നിലവാരം സമീപ വർഷങ്ങളിൽ കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു, എങ്കിലും പ്രീമിയർ ലീഗ് ഇപ്പോഴും ഉയർന്ന നിലവാരത്തിലാണെന്ന് അദ്ദേഹം അംഗീകരിച്ചു.