കൊല്ലം:ശാസ്താംകോട്ട തടാക സംരക്ഷണത്തിനും ടൂറിസം വികസനത്തിനും സമഗ്രപദ്ധതിയുമായി പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മുന്നോട്ട് വരുന്നു. പടിഞ്ഞാറെ കല്ലട പഞ്ചായത്തും വിവിധ സർക്കാർ വകുപ്പുകളും എംപി ഫണ്ടും ചേർന്നാണ് പദ്ധതികൾ നടപ്പിലാക്കുക.ഇതിൻ്റെ ഭാഗമായി കായൽ ബണ്ടിലെ ഒന്നര കിലോമീറ്റർ സ്ഥലം ടൂറിസത്തിനായി വികസിപ്പിക്കും.
രാജ്യസഭ അംഗമായിരുന്ന കെ.സോമപ്രസാദിന്റെ ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപ ഉപയോഗിച്ചു കായൽ ബണ്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. തടാകം ചുറ്റിക്കാണാൻ ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയുടെ പദ്ധതിയിൽ വൈദ്യുത ബോട്ടുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കും
എൻആർഇജിഎസ് ഫണ്ട് ഉപയോഗിച്ച് കായൽ ബണ്ട് വൃത്തിയാക്കി തറയോട് പാകി നടപ്പാത ഒരുക്കും.ഇരിപ്പിടങ്ങളും ലഘുഭക്ഷണ ശാലകളും നിർമ്മിക്കും.പഞ്ചായത്ത് ഫണ്ടിൽ നിന്ന് അലങ്കാര വിളക്കുകളും സിസിടി വി കൺട്രോൾ റൂമും സ്ഥാപിക്കും.
പദ്ധതിയുടെ അടുത്തഘട്ടത്തിൽ സോളർ വിളക്കുകളും തടാകസംരക്ഷണത്തിൻ്റെ ഭാഗമായി തടാക ശുചീകരണത്തിനു ജൈവവൈവിധ്യ ബോർഡിൻ്റെ പദ്ധതിയും നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പഞ്ചായത്ത് സി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ട തടാകം. കൊല്ലം പട്ടണത്തിൽ നിന്ന് 29 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തടാകം ഒരു തണ്ണീർത്തടമാണ്, അതിന്റെ തീരത്തുള്ള ഒരു തീർത്ഥാടന കേന്ദ്രമായ പുരാതന ശാസ്താ ക്ഷേത്രത്തിന്റെ പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിൻ്റെ ഈ നടപടികൾ പ്രദേശത്തിൻ്റെ വികസനത്തിനും ടൂറിസത്തിൻ്റെ വളർച്ചയ്ക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം