You are currently viewing എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പിന്മാറി

എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പിന്മാറി

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയും (എൻഎസ്എസ്) ശ്രീനാരായണ ധർമ്മപരിപാലന സംഘവും (എസ്എൻഡിപി) തമ്മിലുള്ള ഐക്യ ശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഐക്യം പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐക്യശ്രമത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തത്.

ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന കാര്യം വ്യക്തമായതോടെയാണ് പിന്മാറ്റമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കണമെന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടിൽ നിന്ന് ഒരിക്കലും പിൻവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകൾക്കായി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഘടകകക്ഷിയായ ബിജെഡിഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അയച്ചതിനെ എൻഎസ്എസ് സംശയത്തോടെയാണ് കണ്ടത്. തുഷാർ ഒരു രാഷ്ട്രീയ നേതാവായതിനാൽ ഈ നീക്കത്തിന്റെ മുന്നിൽ ബിജെപിയുടെ താൽപര്യങ്ങൾ ഉണ്ടാകാമെന്നും, സമുദായ ഐക്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാം എന്നും എൻഎസ്എസ് സംശയിച്ചു.ഐക്യത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായതിന് ദിവസങ്ങൾക്കുള്ളിലാണ് എൻഎസ്എസ് ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം, എൻഎസ്എസിന്റെ തീരുമാനം നിർഭാഗ്യകരമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റെന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളി സമ്മേളനത്തിൽ പങ്കെടുത്തതെന്നും അതിനെ സംശയത്തോടെ കാണേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply