You are currently viewing ദിവസത്തിൽ ഒരു സർവീസ് മാത്രം: ദുബായ് വിമാനത്താവളങ്ങളിൽ വിദേശ എയർലൈൻങ്ങൾക്ക് കർശന നിയന്ത്രണം

ദിവസത്തിൽ ഒരു സർവീസ് മാത്രം: ദുബായ് വിമാനത്താവളങ്ങളിൽ വിദേശ എയർലൈൻങ്ങൾക്ക് കർശന നിയന്ത്രണം

ദുബായ്: പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ദുബായ് സർക്കാർ വിദേശ എയർലൈൻ സർവീസുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

മാർച്ച് 27-ന് എയർലൈൻകൾക്ക് അയച്ച സ്വകാര്യ ഇമെയിലിൽ, റോയ്റ്റേഴ്സ് സ്ഥിരീകരിച്ച വിവരങ്ങൾ പ്രകാരം, ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അൽ മക്തൂം ഇൻറർനാഷണൽ എയർപോർട്ടിലേക്കും ഏപ്രിൽ 20 മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ഓരോ വിദേശ എയർ ലൈനുകൾക്കും ദിവസത്തിൽ ഒരു റൗണ്ട് ട്രിപ്പ് മാത്രമേ അനുവദിക്കൂവെന്ന് ദുബായ് എയർപോർട്ട് അറിയിച്ചു.

വേനൽക്കാല യാത്രാസീസണിൽ ഏറ്റവും കൂടുതൽ സർവീസുകൾ പ്ലാൻ ചെയ്തിരുന്ന ഇന്ത്യൻ എയർലൈൻകൾക്ക് ഈ നിയന്ത്രണം വലിയ തിരിച്ചടിയാകും.

ഇൻഡിഗോ ദിവസേന 15 സർവീസുകൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇപ്പോൾ പ്രവർത്തനം “ഗണ്യമായി പരിമിതപ്പെട്ടു” എന്ന് അറിയിച്ചു. അതേസമയം, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് ഏപ്രിൽ-മേയ് മാസങ്ങളിൽ 750-ത്തിലധികം സർവീസുകൾ ഷെഡ്യൂൾ ചെയ്തിരുന്നു. ഇതിൽ പലതും ഇനി റദ്ദാക്കുകയോ കുറയ്ക്കുകയോ വേണം.

എമിറേറ്റ്സ്,ഫ്ലൈ ദുബായ് പോലുള്ള യുഎഇ ആസ്ഥാനമായ എയർലൈൻകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇതിനെതിരെ ഇന്ത്യൻ എയർലൈൻകൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ്(എഫ് ഐ എ) “മത്സരവിരുദ്ധ സാഹചര്യങ്ങൾ” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവെയ്സ് എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര എയർലൈൻകൾ മേയ് അവസാനം വരെ ദുബായിലേക്കുള്ള സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചിട്ടുണ്ട്.

ഈ നിയന്ത്രണം പിൻവലിക്കാത്ത പക്ഷം യുഎഇ എയർലൈനുകളോട് പ്രതികാര നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് എഫ്ഐഎ ആവശ്യപ്പെട്ടു.

ശേഷി വർധിച്ചാൽ കൂടുതൽ സ്ലോട്ടുകൾ അനുവദിക്കാമെന്ന് ദുബായ് അധികൃതർ വ്യക്തമാക്കിയെങ്കിലും, അതുവരെ വിദേശ എയർലൈൻകൾക്ക് ദിവസത്തിൽ ഒരു സർവീസ് മാത്രമായിരിക്കും അനുവദിക്കുക. ഇത് അന്താരാഷ്ട്ര യാത്രാ ക്രമീകരണങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply