തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച ഐഷാ പോറ്റി, സ്കൂൾ അധികൃതരുടെ ക്ഷണം തനിക്ക് ലഭിച്ചിരുന്നു എന്ന് പറഞ്ഞു . “എന്നെ സ്കൂളിൽ നിന്നും ക്ഷണിച്ചു,എല്ലാ രാഷ്ട്രീയപാർട്ടികളിലെയും പ്രതിനിധികളെ ക്ഷണിക്കുന്നതായി അവർ പറഞ്ഞു. ഇത് ഒരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് ഒരു പ്രമുഖനായ നേതാവിന്റെ അനുസ്മരണമാണ് എന്ന നിലയിലാണ് ഞാൻ ഇതിനെ കാണുന്നത് ” എന്നായിരുന്നു ഐഷാ പോറ്റിയുടെ വിശദീകരണം.
ഉമ്മൻചാണ്ടിയെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും, അദ്ദേഹം ആർക്കും സമീപിക്കാവുന്ന സമീപിക്കാവുന്ന ഒരാളായിരുന്നുവെന്നും ഐഷാ പോറ്റി പറഞ്ഞു. “അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല. ചെറുതും വലുതുമായ വ്യത്യാസം കാണാറില്ല. ജനങ്ങളെ സ്നേഹിച്ച നേതാവാണ്. അദ്ദേഹത്തെ കുറിച്ച് സത്യം പറഞ്ഞതിൽ തെറ്റെന്താണ്?” എന്നും അവര്‍ ചോദിച്ചു.
“നായനാരെ അനുസ്മരിക്കുന്നു, എകെജി യെ അനുസ്മരിക്കുന്നു, അങ്ങനെ എല്ലാ പ്രമുഖ വ്യക്തികളെയും അനുസ്മരിക്ക തന്നെ വേണം എന്നാണ് എൻറെ അഭിപ്രായം. സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ സ്വയം മാറി നിന്നതാണ് . പുതിയ ആളുകൾ പാർട്ടിയിൽ വരുന്നത് നല്ലതാണ്. ജനങ്ങൾ നൽകിയ സ്‌നേഹം ഞാൻ മറക്കില്ല; അതിന് തക്കതായ പ്രതികരണം തന്നെയാണ് ഞാൻ തിരികെ നൽകിയതും,” എന്നും ഐഷാ പോറ്റി വ്യക്തമാക്കി.
താൻ കോൺഗ്രസിലേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നു എന്നുള്ള വാർത്തകൾ വെറും അഭ്യൂഹങ്ങളാണെന്നും അതിൽ യാഥാർത്ഥ്യമില്ലെന്നും ഐഷാ പോറ്റി വ്യക്തമാക്കി.
