You are currently viewing സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ/ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ/ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാക്കിയ ക്ഷാമബത്ത (ഡി.എ) മുന്‍കാല പ്രാബല്യത്തോടെ നല്‍കി അതിന്റെ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ക്ഷാമാശ്വാസം (ഡി.ആര്‍) കുടിശ്ശികയായി ലഭിക്കും.
നേരത്തെ അനുവദിച്ചിരുന്ന ഡി.എയും ഡി.ആര്‍ ഗഡുക്കളും മുഴുവന്‍ മുന്‍കാല പ്രാബല്യത്തോടെ കണക്കാക്കി കുടിശ്ശിക അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കല്‍ എഡ്യൂക്കേഷന്‍ സ്‌കീമുകളില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്കും കുടിശ്ശിക ലഭ്യമാകും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ലഭിക്കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026–27 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട കുടിശ്ശിക ഗഡുക്കള്‍ക്കായി ആവശ്യമായ തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡുവീതം ക്ഷാമബത്ത അനുവദിക്കുകയും തത്തുല്യമായി ക്ഷാമാശ്വാസവും നല്‍കുകയും ചെയ്തു. കുടിശ്ശികയായി നിലനിന്നിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചിരുന്നു.

ഡി.എയും ഡി.ആറും അനുവദിക്കേണ്ട യഥാര്‍ത്ഥ കാലാവധി കണക്കിലെടുത്ത് മുന്‍കാല പ്രാബല്യം നല്‍കിയാണ് ഇപ്പോള്‍ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി കുടിശ്ശിക വിതരണം ചെയ്യാനാണ് തീരുമാനം.

Leave a Reply