ടോക്യോ, ജപ്പാൻ (ഡിസംബർ 26, 2024) – സുസുക്കി മോട്ടോർ കോർപ്പറേഷനെ ആഗോള പ്രാധാന്യമുള്ള മോട്ടോർ വാഹന കമ്പനിയായി രൂപപ്പെടുത്തിയ വ്യവസായി ഒസാമു സുസുക്കി (94) ഡിസംബർ 25, 2024-ന് അന്തരിച്ചു. മലിഗ്നൻറ് ലിംഫോമയെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം.
1930 ജനുവരി 30-ന് ഗിഫു പ്രഫെക്ചറിൽ ജനിച്ച സുസുക്കി, 1958-ൽ വിവാഹബന്ധത്തിലൂടെയാണ് സുസുക്കി കുടുംബത്തിലേക്ക് വരുന്നത് .അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും തന്ത്രപരമായ കാഴ്ചപ്പാടും മോട്ടോർ വാഹന വ്യവസായത്തിലെ ഏറ്റവും പ്രഭാവശാലികളായ വ്യക്തികളിൽ ഒരാളാക്കി.
1978-ൽ കമ്പനിയുടെ പ്രസിഡന്റായ സുസുക്കി, ആഗോള മോട്ടോർ വാഹന വ്യവസായത്തിലെ ഏറ്റവും ദീർഘകാല സേവനസമയമുള്ള തലവനായി. 28 വർഷത്തെ രണ്ട് കാലയളവുകളിൽ അദ്ദേഹം കമ്പനിയിലും ഉൽപ്പന്നങ്ങളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു . ജപ്പാനിൽ മിനി വാഹനങ്ങളും ഇന്ത്യ പോലുള്ള വിപണികളിൽ ചെറിയ കാറുകളും ഉൽപ്പാദിപ്പിക്കാൻ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുസുക്കി ജനറൽ മോട്ടോഴ്സ്, വോൾക്സ്‌വാഗൺ, ടൊയോട്ട പോലുള്ള ആഗോള കമ്പനികളുമായി പങ്കാളിത്തങ്ങൾ സ്ഥാപിച്ചു. ഇന്ത്യയിൽ സുസുക്കി മോട്ടോറിന്റെ കൂടുതൽ സാന്നിദ്ധ്യം ഉറപ്പാക്കാൻ അദ്ദേഹം നിർണായക പങ്കുവഹിച്ചു, അതിൻറെ ഫലമായി മാരുതി സുസുക്കി ഇന്ത്യൻ കാർ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു.
2006-ഓടെ, സുസുക്കി മോട്ടോർ കോർപ്പറേഷന്റെ സംയുക്ത വിറ്റുവരവ് 300 ബില്യൺ യെൻ-ൽ നിന്ന് 3 ട്രില്യൺ യെൻ വരെ ഉയർന്നു, ഇത് അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിന്റെ തെളിവാണ്.
“എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ മന്ദഗതിയിലാകും. ഒരിക്കലും നിർത്താതെ മുന്നോട്ടുപോകണം,” എന്ന പ്രസിദ്ധമായ വാക്കുകൾ സുസുക്കിയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. നിര്‍ണായകമായ തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുസുക്കിയെ എപ്പോഴും മുന്നിൽ നിലനിർത്തി.
2015-ൽ അദ്ദേഹം തന്റെ മകൻ തോഷിഹിറോ സുസുക്കിക്ക് പ്രസിഡന്റിന്റെ സ്ഥാനം കൈമാറിയെങ്കിലും 2021 വരെ ചെയർമാനായി പ്രവർത്തിച്ചു.
ഓസാമു സുസുക്കിയുടെ സംഭാവനകൾ കോർപ്പറേറ്റ് വളർച്ചയിൽ മാത്രമല്ല, വളർന്നുവരുന്ന വിപണിയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ, സ്വകാര്യ കാർ വിപണിയെ വിപ്ലവകരമായി മാറ്റിയതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ഒസാമു സുസുക്കി/ഫോട്ടോ-എക്സ്