തിരുവനന്തപുരം: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുടുങ്ങിയ മലയാളികൾക്ക് ആവശ്യമായ സർക്കാർ സഹായങ്ങൾ നൽകാൻ സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തെ തുടർന്ന് ഉടൻ സംസ്ഥാന സർക്കാർ സഹായം നൽകാൻ അടിയന്തര നടപടികൾ സ്വീകരിച്ചു.
കേരളത്തിലെ പൗരന്മാർക്ക് വേണ്ടി ഹെൽപ് ഡെസ്ക്ക് സജ്ജമാക്കിയതായി സർക്കാർ അറിയിച്ചു. കശ്മീരിലുള്ളവർക്ക് ആവശ്യമായ ഭക്ഷണം, ചികിത്സ, യാത്രാ സൗകര്യങ്ങൾ എന്നിവ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡൽഹിയിൽ എത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾക്കും തുടർ യാത്രയ്ക്ക് ടിക്കറ്റ് ബുക്കിംഗിനുമുള്ള സംവിധാനം ഒരുക്കിയതായി അധികൃതർ അറിയിച്ചു.
ഇതുവരെ ലഭിച്ച 49 പേര്‍ രജിസ്റ്റർ ചെയ്ത വിവരങ്ങളിലൂടെ 575 പേർ കശ്മീരിൽ ഉണ്ടെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. സഹായം ആവശ്യമുള്ളവർക്കും ബന്ധുക്കളെ കുറിച്ചുള്ള വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്ക് വഴി വിവരങ്ങൾ നൽകും.
“പഹൽഗാമിൽ നടന്നത് മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ്. ഇത്തരം അക്രമങ്ങളെയും അവർക്കുള്ള ഇന്ധനമായ വിദ്വേഷ പ്രചാരണങ്ങളെയും നാം ഒരുമിച്ച് ചെറുക്കണം. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവേണ്ട സമയമാണിത്,” മുഖ്യമന്ത്രി പറഞ്ഞു.