തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ കേരളത്തിന്റെ സ്വന്തം കെൽട്രോണിന്റെ പങ്ക് ഏറെ ശ്രദ്ധേയം. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് അർനാലയുടെ നിർമാണത്തിൽ കെൽട്രോണിന്റെ പങ്കാളിത്തം നിർണായകമായിരുന്നു.
ഈ യുദ്ധക്കപ്പലിന്റെ പ്രധാന ഉപകരണങ്ങളായ വേഗം അളക്കുന്ന സംവിധാനവും, ആഴം അളക്കുന്ന എക്കോ സൗണ്ടർ ഉപകരണവും, അണ്ടർവാട്ടർ കമ്യൂണിക്കേഷൻസ് സിസ്റ്റവും, പവർ ആംപ്ലിഫയറും, സോണാർ സെൻസറും എല്ലാം കെൽട്രോണാണ് നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തത്.
പല പതിറ്റാണ്ടുകളായി പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ, സാങ്കേതികവിദ്യയിലും വിശ്വാസ്യതയിലും രാജ്യത്ത് തന്നെ മുന്നിലാണ്. ഇതിന്റെ ഭാഗമായി, നാവികസേനയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിവിധ ഉപകരണങ്ങൾക്കായി കെൽട്രോണിന് തുടർച്ചയായി ഓർഡറുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കപ്പൽ തകർക്കുന്ന ബോംബ് (ടോർപിഡോ) കണ്ടെത്താനും നിർവീര്യമാക്കാനും ഉപയോഗിക്കുന്ന ‘മാരീച് ടോഡ് അറേ’ അടക്കമുള്ള ഉപകരണങ്ങളും നേരത്തെ നാവികസേനയ്‌ക്ക് കെൽട്രോൺ നിർമിച്ചുനൽകിയിരുന്നു
ദേശീയ സുരക്ഷയിൽ കേരളത്തിന്റെ പങ്ക് നിറവേറ്റുന്ന ഈ നേട്ടം, ഭീകരതയ്‌ക്കെതിരെ രാജ്യത്തിന് ആത്മവിശ്വാസം പകരുന്നുവെന്നതിൽ സംശയമില്ല.
