കൊല്ലം: കൊല്ലം-പത്തനംതിട്ട അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലത്തിന്റെ പേര് ഇനി മുതൽ ഐവർകാല എന്നായിരിക്കും അറിയപ്പെടുക. പഞ്ചായത്തിൽ നടന്ന യോഗത്തിൽ 17 വാർഡ് മെമ്പർമാരിൽ 16 പേരും ഈ പേരുമാറ്റത്തെ അനുകൂലിച്ചു,
ഏഴ് പതിറ്റാണ്ടിലേറെയായി ‘പാകിസ്ഥാൻ മുക്ക്’ എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ പേര് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രദേശവാസികളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് പേരുമാറ്റത്തിനായി രംഗത്തെത്തി. പ്രദേശത്തെ പഴയ വിളിപ്പേരായ ‘ഐവർകാല’ ആണ് ഇനി മുതൽ ഔദ്യോഗികമായി ഉപയോഗിക്കപ്പെടുക
പേരുമാറ്റം സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് സർക്കാർ അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക അനുമതി ലഭിച്ചതിനുശേഷം പുതിയ പേരുള്ള ബോർഡുകളും രേഖകളും സ്ഥാപിക്കും