You are currently viewing പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു

പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമായ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി ഇന്ന് (2025 നവംബർ 3) വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എന്ന നിലയിൽ പദ്ധതിയുടെ പവർഹൗസ്, വിയർ ഡാം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം നിലയിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് പാലക്കുഴിയിലേത് എന്ന വലിയ നേട്ടം നമുക്ക് അഭിമാനകരമാണ്. 15.9 കോടി രൂപ ചെലവിൽ, ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയാണ് (PSHCL) ഈ ഒരു മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂർത്തീകരിച്ചത്.

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിണ്ടില്ലം പുഴയിൽ അണക്കെട്ട് കെട്ടി സംഭരിക്കുന്ന വെള്ളം 738 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ കൊന്നക്കൽ കടവിൽ സജ്ജമാക്കിയിട്ടുള്ള പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. പ്രതിവർഷം 3.78 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന 1 മെഗാവാട്ട് ശേഷിയുള്ള  ഈ പദ്ധതി, പ്രാദേശിക വികസനത്തിലും ഊർജ്ജ സ്വയംപര്യാപ്തതയിലും പുതിയ പാതകൾ തുറന്ന് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

കൊന്നക്കൽ കടവിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ അടക്കമുള്ള ജനപ്രതിനിധികളെയും, പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

Leave a Reply