ചന്ദ്രനിലെ ഐസ് സ്രോതസ്സുകൾ കണ്ടെത്താൻ നിർമ്മിച്ച ലൂണാർ ഫ്ലാഷ്‌ലൈറ്റ് പദ്ധതിയിൽ നിന്ന് നാസ പിൻവാങ്ങി. ഉപഗ്രഹത്തെ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു, പക്ഷെ സാങ്കേതിക തകരാർ കാരണം അതിന് സാധിച്ചില്ല. ഇന്ധന ലൈനുകളിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, ഇത് ഉപഗ്രഹത്തെ അതിന്റെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞു.
“ബ്രീഫ്‌കേസ് വലുപ്പമുള്ള” ലൂണാർ ഫ്ലാഷ്‌ലൈറ്റ് വികസിപ്പിച്ചത് ജോർജിയ ടെക്കിലെ വിദ്യാർത്ഥികളാണ്, 2022 ഡിസംബർ 11-ന് ഇത് വിക്ഷേപിച്ചൂ. ചന്ദ്രന്റെ ഇരുണ്ട ദക്ഷിണധ്രുവത്തിൽ ഉപരിതല ഹിമത്തിനായി പര്യവേഷണം നടത്താനാണ് ഉദ്ധേശിച്ചത്, നിർഭാഗ്യവശാൽ,പ്രശ്നപരിഹാരത്തിനായി മാസങ്ങൾ നീണ്ട പരിശ്രമമുണ്ടായിട്ടും ഫലമുണ്ടായില്ല.
ചന്ദ്രനെ കടന്ന് യാത്ര ചെയ്തതിന് ശേഷം, ഇപ്പോൾ ലൂണാർ ഫ്ലാഷ്‌ലൈറ്റ് ഭൂമിയിലേക്ക് തിരികെ നീങ്ങുന്നു, മെയ് 17 ന് ഏകദേശം 65,000 കിലോമീറ്റർ അടുത്ത് നമ്മുടെ ഗ്രഹത്തെ കടന്ന് പോകും, പിന്നീട് സീമകളില്ലാത്ത ബഹിരാകാശത്തേക്ക് തുടരുകയും സൂര്യനെ ചുറ്റുകയും ചെയ്യും.
പദ്ധതിയുടെ പല ഘടകങ്ങളുടെയും വിജയത്തെ പരാമർശിച്ചു കൊണ്ട് ദൗത്യം ഒരു “ഭാഗിക വിജയം ” ആയി നാസ കണക്കാക്കുന്നു. ഉപഗ്രഹത്തിൽ ആദ്യമായി ഉപയോഗിച്ച നിരവധി ഉപകരണങ്ങളുടെ ഫലപ്രാപ്തി ഈ ദൗത്യം തെളിയിച്ചതായി ഗോദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ബാർബറ കോഹൻ പറഞ്ഞു. അത് ഭാവിയിലെ പ്രവർത്തനങ്ങൾക്ക് വിലപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.