
കരുനാഗപ്പള്ളി:റെയിൽവേ കേരളത്തിലേക്ക് പുതുതായി ആരംഭിക്കുന്ന അമൃത്ഭാരത് എക്‌സ്പ്രസ് സർവീസുകളായ തിരുവനന്തപുരം സെൻട്രൽ–മംഗലാപുരം, തിരുവനന്തപുരം നോർത്ത്–ചാർലപ്പള്ളി ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പുകൾ അനുവദിച്ചതായി കെസി വേണുഗോപാൽ എംപി അറിയിച്ചു.

ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളും മേഖലയിലെ യാത്രാസൗകര്യം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് റെയിൽവേ അനുകൂല തീരുമാനം കൈക്കൊണ്ടതെന്നും എംപി വ്യക്തമാക്കി.യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ സംഭാവന നൽകുന്ന സ്റ്റേഷനുകളാണ് കരുനാഗപ്പള്ളിയും കായംകുളവും എന്നും അദ്ദേഹം പറഞ്ഞു.
അമൃത്ഭാരത് എക്‌സ്പ്രസ് സർവീസുകൾക്ക് കരുനാഗപ്പള്ളി, കായംകുളം സ്റ്റോപ്പുകൾ അനുവദിച്ചതോടെ കൊല്ലം–ആലപ്പുഴ മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വ്യാപാര, വിദ്യാഭ്യാസ, തൊഴിൽ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് കരുതുന്നു.