You are currently viewing പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിലേക്ക് കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധം: ഏപ്രിൽ 10 മുതൽ പുതിയ നിബന്ധനകൾ

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിലേക്ക് കൊണ്ടുവരാൻ പെർമിറ്റ് നിർബന്ധം: ഏപ്രിൽ 10 മുതൽ പുതിയ നിബന്ധനകൾ

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരാനും സൂക്ഷിക്കാനും ആവശ്യമായ രേഖകളും നിബന്ധനകളും വിശദീകരിച്ചുകൊണ്ടാണ് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

50 ലിറ്ററോ അതിൽ കൂടുതലോ പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന വ്യക്തികൾക്കാണ് പെർമിറ്റിന്റെ ആവശ്യം നിർബന്ധമാകുന്നത്. ബിൽ, ഡെലിവറി നോട്ട് തുടങ്ങിയ രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അംഗീകരിച്ച് നൽകുന്ന പെർമിറ്റിന്റെ ഒറിജിനലും ചരക്കുനീക്കം സമയത്ത് കൈവശം കരുതേണ്ടതാണ്.

ഒരു പെർമിറ്റിൽ പരമാവധി 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. കൂടാതെ ഒരേ വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കൂ. പെർമിറ്റിന്റെ കാലാവധി മൂന്നു ദിവസമാണ്.

എന്നിരുന്നാലും ഓയിൽ കമ്പനികൾക്കും കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ നേടിയ അംഗീകൃത സ്ഥാപനങ്ങൾക്കും ഈ പെർമിറ്റ് നിർബന്ധം ബാധകമല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട ഫോം ഡൗൺലോഡിനായി www.keralataxes.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Leave a Reply