
തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ (ക്ലാസ് XI) പാഠപുസ്തകങ്ങൾ 15 വർഷത്തിന് ശേഷം സമഗ്രമായി പരിഷ്കരിച്ചു.2026–27 അധ്യയന വർഷം മുതൽ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

സ്റ്റേറ്റ് കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റി നിലവിൽ 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. എല്ലാ ഭാഷാ വിഷയങ്ങൾക്കും പുറമെ കമ്പ്യൂട്ടർ സയൻസ്, ജേർണലിസം, ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളും പുതുക്കിയ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ പാഠപുസ്തകങ്ങളുടെ വിതരണം സ്കൂളുകൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ ആരംഭിക്കും. ഫെബ്രുവരി മുതൽ പുസ്തകങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ക്രമീകരണം. മാറുന്ന ലോക സാഹചര്യങ്ങളോടും പുതിയ സാങ്കേതികവിദ്യകളോടും ചേർന്ന് വിദ്യാർത്ഥികളെ കൂടുതൽ പ്രാപ്തരാക്കുക എന്നതാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന 44 എൻസിഇആർടി പാഠപുസ്തകങ്ങളുടെ കാര്യത്തിൽ, അവ പ്രസിദ്ധീകരിച്ച ശേഷം കേരളത്തിൽ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, കേന്ദ്രം നേരത്തെ ഒഴിവാക്കിയ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരളം സ്വന്തമായി അഡീഷണൽ പാഠപുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യപദ്ധതി പരിഷ്കരണം വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും, വിദ്യാർത്ഥികൾക്ക് കാലാനുസൃതമായ പഠനാനുഭവം ലഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നു.