
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് തിങ്കളാഴ്ച നടന്ന കാർ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക് നായക് ജയപ്രകാശ് നാരായൺ (എൽ.എൻ.ജെ.പി) ആശുപത്രിയിൽ എത്തി. ഭൂട്ടാനിലേക്കുള്ള രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ ഉടൻ അദ്ദേഹം ആശുപത്രിയിലേക്ക് പോയി.
അവിടെ പ്രധാനമന്ത്രി പരിക്കേറ്റവരുമായി സംവദിച്ച്, അവരുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും വേഗം സുഖം പ്രാപിക്കണമെന്നാശംസിക്കുകയും ചെയ്തു. രോഗികൾക്ക് ലഭിക്കുന്ന ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് ഉദ്യോഗസ്ഥരും ഡോക്ടർമാരും പ്രധാനമന്ത്രിയെ ബോധവത്കരിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നൽകി
രാജ്യ തലസ്ഥാനത്ത് പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയ ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
