കൊട്ടാരക്കര: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കാറും പിക്കപ്പും തമ്മിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയിൽ പോലീസ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ചു. അടൂർ പോലീസ് ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കൂടിയായ കടയ്ക്കൽ സ്വദേശി സാബു (52) ആണ് അപകടത്തിൽ മരണപ്പെട്ടത്.
അപകടം പുലർച്ചെ പൊലിക്കോട് അനാട് ഭാഗത്താണ് നടന്നത്. സാബു സഞ്ചരിച്ച കാറും എതിര്‍ദിശയിൽ വന്ന പിക്കപ്പും തമ്മിൽ നേരിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സംഘം സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
