
ശബരിമല: കൃത്യമായ ആസൂത്രണത്തിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച് ഇത്തവണത്തെ മണ്ഡലകാലം ചരിത്രവിജയമായി. ഇതുവരെ 52 ലക്ഷത്തിലധികം ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപയും ഈ മണ്ഡലകാലത്ത് ലഭിച്ചു.

ഭക്തർക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയത്. 2,600-ലധികം ടോയ്‌ലറ്റുകൾ സജ്ജമാക്കിയതോടെ ശുചിത്വ സംവിധാനങ്ങൾ കാര്യക്ഷമമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയതോടെ വാഹനത്തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചു. നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. സന്നിധാനത്ത് 20 ലക്ഷത്തിലധികം ഭക്തർക്ക് അന്നദാനവും വിതരണം ചെയ്തു.
ആരോഗ്യ മേഖലയിൽ വിപുലമായ സേവനങ്ങളാണ് സർക്കാർ ഉറപ്പാക്കിയത്. ഇ.സി.ജി, എക്കോ പരിശോധനകൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ, പമ്പയിലും സന്നിധാനത്തുമായി എഴുപതിലധികം കിടക്കകളുള്ള ആശുപത്രി സംവിധാനങ്ങൾ, പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിച്ചു. തീർത്ഥാടന പാതയിൽ നാല് ആംബുലൻസുകളും സജ്ജമായിരുന്നു.
സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി 18,741 പോലീസ് ഉദ്യോഗസ്ഥർ സേവനമനുഷ്ഠിച്ചു. വനം വകുപ്പ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി എന്നിവ ഉൾപ്പെടെ 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനമാണ് ഇത്തവണത്തെ തീർത്ഥാടനം സുഗമമാക്കിയത്.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഏകോപിതമായ ഇടപെടലുകൾ മൂലം ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ മണ്ഡലകാല തീർത്ഥാടനം ഉറപ്പാക്കാൻ സാധിച്ചതായാണ് വിലയിരുത്തൽ.