ഗാബറോൺ: ഇന്ത്യയിലെ പ്രോജക്റ്റ് ചീറ്റായുടെ ഭാഗമായി ബോട്സ്വാനയിൽ നിന്നുള്ള ചീറ്റപ്പുലികളുടെ പ്രതീകാത്മക കൈമാറ്റ ചടങ്ങിന് ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സാക്ഷ്യം വഹിച്ചു. ഗാബറോണിന് സമീപമുള്ള മൊകൊലോഡി നേച്ചർ റിസർവിലാണ് ചടങ്ങ് നടന്നത്. ബോട്സ്വാന പ്രസിഡന്റ് ഡുമ ബോകോയും ചടങ്ങിൽ പങ്കെടുത്തു.
പശ്ചിമ ബോട്സ്വാനയിലെ ഘാൻസിയിൽ നിന്ന് പിടികൂടിയ ചീറ്റകളെ പിന്നീട് മൊകൊലോഡി നേച്ചർ റിസർവിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് വിട്ടു.
ചീറ്റകൾ ഒരു നിശ്ചിത കാലയളവുവരെ ക്വാറന്റൈൻ കേന്ദ്രത്തിൽ തുടരും. തുടർന്ന് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഇന്ത്യയിലെ ചീറ്റ വർഗ്ഗത്തെ പുനർജനിപ്പിക്കുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ബോട്സ്വാന ഇന്ത്യക്ക് എട്ട് ചീറ്റകളെ നൽകും
1952-ൽ ഇന്ത്യയിൽ ചീറ്റപ്പുലികൾ ഇല്ലാതായതിന് ശേഷം അവരെ വീണ്ടും നാട്ടിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് പ്രോജക്റ്റ് ചീറ്റാ ആരംഭിച്ചത്. 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റപ്പുലികൾ ആദ്യം മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിലേക്കും, തുടർന്ന് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 പുലികളെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു
ഇതുവരെ ഇന്ത്യയിലേക്ക് മാറ്റി കൊണ്ടുവന്ന ചീറ്റുകളിൽ ഭൂരിപക്ഷവും പുതിയ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ ഇണങ്ങി കഴിഞ്ഞു. വേട്ടയാടൽ, പ്രദേശം അടയാളപ്പെടുത്തൽ, ഇണയെടുപ്പ് എന്നിവയുൾപ്പെടെ സ്വാഭാവിക പെരുമാറ്റങ്ങൾ അവയിൽ കാണപ്പെടുന്നു. ചില ചീറ്റകൾ ഇന്ത്യൻ മണ്ണിൽ തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു — ഈ പദ്ധതിയുടെ പരിസ്ഥിതിവിജയത്തിന്റെ പ്രധാന സൂചകമായാണ് ഇത് കണക്കാക്കുന്നത്.
