തെലങ്കാനയിലെ സെക്കന്തരാബാദിനും ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കുമിടയിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രണ്ട് തെലുങ്ക് സംസ്ഥാനങ്ങൾക്കിടയിലുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ് ഈ സെമി ഹൈസ്പീഡ് ട്രെയിൻ.
വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിക്കുമെന്ന് സെക്കന്തരാബാദിൽ നിന്നുള്ള എംപിയും കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടന പരിപാടിക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഹൈദരാബാദിനും ആത്മീയ നഗരമായ തിരുപ്പതിക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് തടസ്സങ്ങളില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ ട്രെയിൻ നൽകിയതിന് പ്രധാനമന്ത്രി മോഡിയോട് അദ്ദേഹം നന്ദി പറഞ്ഞു.
ഈ വന്ദേ ഭാരത് ട്രെയിൻ 8 മണിക്കൂറും 30 മിനിറ്റും കൊണ്ട് 660 കിലോമീറ്റർ യാത്ര പൂർത്തിയാക്കുമെന്ന് കരുതപെടുന്നു. ഈ റൂട്ടിലെ ശരാശരി വേഗത മണിക്കൂറിൽ 77.73 കിലോമീറ്ററായിരിക്കും.
നിലവിൽ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനുമിടയിൽ മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.
ശനിയാഴ്ച മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉത്തർപ്രദേശിലെ ആഗ്ര കാന്റ് സ്റ്റേഷൻ വഴി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇന്ത്യയുടെ പതിനൊന്നാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഏഴ് മണിക്കൂറും 50 മിനിറ്റും കൊണ്ട് 709 കിലോമീറ്റർ ദൂരം പിന്നിടും.