
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 131-ാമത് റേഡിയോ പ്രഭാഷണമായ മൻ കി ബാത്ത് പരിപാടിയിൽ പത്തനംതിട്ട സ്വദേശിയായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് ആദരവർപ്പിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം രാജ്യത്തിന് തന്നെ വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വലിയ ജീവിതം മുന്നിലുണ്ടായിരുന്ന ആലിൻ അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്. മകളുടെ വിയോഗത്തിന്റെ കഠിനമായ വേദനയ്ക്കിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ അരുൺ എബ്രഹാമിനെയും ഷെറിൻ ആനിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സമൂഹത്തിന് മുന്നിൽ മനുഷ്യസ്‌നേഹത്തിന്റെ അപൂർവ മാതൃകയാണ് ഇവർ കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ആലിന്റെ വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ എന്നിവ നാലുപേർക്ക് പുതുജീവൻ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആലിന്റെ കരൾ സ്വീകരിച്ചത് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ആറ് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണെന്നും, ആലിന്റെ പേര് രാജ്യം എന്നും ഓർത്തിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2026 ഫെബ്രുവരി 5-ന് എം.സി. റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ആലിന് കേരള സർക്കാർ ഔദ്യോഗിക ബഹുമതികളോടെയാണ് ‘ഗാർഡ് ഓഫ് ഓണർ’ നൽകി വിട നൽകിയത്.