കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി സംസാരിക്കുകയായിരുന്നു.ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും പൂർണ വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിലും സബ്കാ സത് സബ്കാ വികാസിൻ്റെ മന്ത്രത്തിലും ഉള്ള വിശ്വാസത്തിൻ്റെ വിജയമാണിതെന്നും മോദി കൂട്ടിച്ചേർത്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വിജയകരമായ നടത്തിപ്പിൽ ഉൾപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റുള്ളവരെയും അദ്ദേഹം പ്രശംസിച്ചു
എൻഡിഎ രൂപീകരണത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു സഖ്യം തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. പ്രതിപക്ഷം നിഷേധാത്മക ചിന്താഗതിയോടെയാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വർഷമായി അവർ പോസിറ്റീവായ ഒന്നും സംഭാവന ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിംഗും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.