
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. കണ്ണൂർ–തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്ന മുൻകൂർ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചത്.

നടാലിൽ അടിപ്പാത ഒരുക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം.
അടിപ്പാത ഇല്ലാത്ത സാഹചര്യത്തിൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന നാൽപ്പതോളം സ്വകാര്യ ബസുകൾക്ക് ഏകദേശം ഏഴ് കിലോമീറ്റർ അധികം ചുറ്റി ഓടേണ്ടിവരുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇത് ഇന്ധനച്ചെലവും സമയനഷ്ടവും വർധിപ്പിക്കുന്നതോടൊപ്പം യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ബസ് ഉടമകൾ പറയുന്നു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് അടിപ്പാത നിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും സമരസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സമരത്തെ തുടർന്ന് നാളെ ജില്ലയിൽ പൊതുഗതാഗതം ഭാഗികമായി സ്തംഭിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശം നൽകി.