
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി ഔദ്യോഗികമായി അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നതിനായി മലയാള സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ചരിത്രപരമായ വ്യക്തിത്വത്തെയും കൂടുതൽ ശക്തമായി പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനം ഏറെ വൈകിയെങ്കിലും സ്വാഗതാർഹമാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,സാഹിത്യലോകത്തിലെ പ്രമുഖരായ ജോർജ് ഓണക്കൂർ, ശ്രീകുമാരൻ തമ്പി, വി മധുസൂദനൻ നായർ എന്നിവരോടൊപ്പം കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീജിത്ത് മുത്തേടത്ത്, മുതിർന്ന മാധ്യമപ്രവർത്തകൻ പി ശ്രീകുമാർ, പ്രൊഫസർ ഡോ എ എം ഉണ്ണികൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയർന്നുവരുന്ന ഒന്നാണെന്നും, തലമുറകളായി തുടരുന്ന ഈ ആവശ്യത്തിന് ലഭിച്ച അംഗീകാരം മലയാളികളുടെ സാംസ്കാരിക ആത്മാഭിമാനത്തിന് വലിയ പ്രചോദനമാണെന്നും പ്രതിനിധികൾ വ്യക്തമാക്കി. സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായുള്ള നിർണായകമായ ഒരു ചുവടുവെപ്പാണ് ഈ തീരുമാനമെന്നും അവർ അഭിപ്രായപ്പെട്ടു.
ഭാവിയിലെ വികസനത്തിനൊപ്പം തന്നെ പൈതൃക മൂല്യങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് രാജ്യത്തിന് ആവശ്യമെന്നും, അതിന് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതീക്ഷാജനകമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധികൾ പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്കാരിക ഐഡന്റിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികൾക്ക് തുടക്കം കുറിക്കുന്ന ഈ തീരുമാനം ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.