
സംസ്ഥാനത്ത് സർക്കാർ ജോലിയിലേക്ക് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമായി പി.എസ്.സി പ്രായപരിധി വർധിപ്പിച്ചു.
സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ എടുത്ത നിർണ്ണായക തീരുമാനപ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നടത്തുന്ന നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 4 വർഷം കൂടി ഉയർത്തി.

ജനറൽ കാറ്റഗറിയിൽ മുൻപ് 36 വയസ്സായിരുന്നത് ഇനി മുതൽ 40 വയസ്സാകും.
എസ്.സി / എസ്.ടി വിഭാഗങ്ങൾ മുമ്പ് 39 വയസ്സായിരുന്നത് ഇനിമുതൽ 45 വയസ്സ് ആകും
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യത അടിസ്ഥാനമാക്കിയുള്ള തസ്തികകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് , എൽ.ഡി ടൈപ്പിസ്റ്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് II, ക്ലർക്ക്/കാഷിയർ, കമ്പനി ബോർഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകൾക്ക് ഈ പ്രായപരിധി വർധന ബാധകമാകും.
പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളായ ലാസ്റ്റ് ഗ്രേഡ് സർവന്റ് , ഓഫീസ് അറ്റൻഡന്റ്, പിയൂൺ/വാച്ചർ, ഡ്രൈവർ ഗ്രേഡ് II എന്നീ നിയമനങ്ങളിലും പുതിയ പ്രായപരിധി പ്രകാരം അപേക്ഷിക്കാനാകും.
യൂണിഫോംഡ് സർവീസുകളിലെ സിവിൽ പൊലീസ് ഓഫീസർ (CPO), എക്സൈസ് പ്രിവന്റീവ് ഓഫീസർ തുടങ്ങിയ തസ്തികകൾക്കും പ്രായപരിധി വർധന പ്രാബല്യത്തിൽ വരും. എന്നാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പോലുള്ള ചില തസ്തികകൾക്ക് പോസ്റ്റ് അടിസ്ഥാനത്തിൽ പ്രത്യേക പ്രായപരിധി തുടരാൻ സാധ്യതയുണ്ട്.
ടെക്നിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഓവർസീയർ ഗ്രേഡ് III, ഡ്രാഫ്റ്റ്സ്മാൻ, ടെക്നീഷ്യൻ, ട്രേസർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിലും പുതിയ പ്രായപരിധി വർധന പ്രകാരം ഇനി 40 വയസ് വരെ അപേക്ഷിക്കാൻ അവസരം ലഭിക്കും.
സംവരണ വിഭാഗങ്ങൾക്ക് നിലവിലുള്ള പ്രായ ഇളവുകൾക്ക് പുറമെ ഈ വർധനവും ബാധകമാകും. ദീർഘകാലമായി പി.എസ്.സി പരീക്ഷകളുടെ പ്രായപരിധി കൂട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തത്.
ഈ തീരുമാനം മൂലം കേരളത്തിലെ, പ്രത്യേകിച്ച് കോവിഡ് കാലത്ത് പരീക്ഷകൾ വൈകിയതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ട നിരവധി യുവാക്കൾക്ക് ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം ലഭിക്കും.