
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തെ പൊതുസഭകള്‍ വിജയകരമായിനാല് പഞ്ചായത് സമിതികളിൽ സംഘടിപ്പിച്ചു. പുതൂര്‍, കുറുമ്പ, അഗളി, ഷോളയൂര്‍ എന്നീ പഞ്ചായത്ത് സമിതികളാണ് പൊതുസഭകള്‍ സംഘടിപ്പിച്ചത്.
പഞ്ചായത്ത് സമിതികള്‍ക്ക് തദ്ദേശീയ ആദിവാസി ഭാഷയെ പ്രതിനിധീകരിക്കുന്ന പേരുകളാണ് നല്‍കിയിട്ടുള്ളത്. കുറുമ്പ സമിതിക്ക് ‘നമ്മ് മദ്ദേസ’, അഗളിക്ക് ‘ഒത്തിമേ’, പുതൂര്‍ പഞ്ചായത്ത് സമിതിക്ക് ‘നാ മൊന്ത്’, ഷോളയൂര്‍ സമിതിക്ക് ‘നമ്മ് ത് കൂട്ട’ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയത്. ഈ പേരുകള്‍ ആദിവാസി സംസ്‌കാരത്തോടും സമൂഹ ഐക്യത്തോടും ഉള്ള ബന്ധം കൂട്ടുന്നതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സാധാരണ ജനങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയും എല്ലാ ഊര്‍ സമിതി ഭാരവാഹികളെയും അംഗങ്ങളെയും പൊതുപ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച അയല്‍ക്കൂട്ടങ്ങള്‍, സംരംഭകര്‍, വ്യക്തിത്വങ്ങള്‍ എന്നിവരെയും വേദിയില്‍ ആദരിക്കുകയും ചെയ്തു.
പൊതുസഭയുടെ ഭാഗമായി ഭാവി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുചര്‍ച്ചകളും, അയല്‍ക്കൂട്ടങ്ങളുടെയും ഊര്‍സമിതി ഭാരവാഹികളുടെയും കലാപ്രകടനങ്ങളും സംഘടിപ്പിച്ചു. ഗ്രാമീണ വികസന പ്രക്രിയയില്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഇത്തരം പൊതുസഭകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
