
ചെന്നൈയിലെ രാജീവ് ഗാന്ധി ഗവർമെൻറ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1.55ഓടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഫെബ്രുവരി 1 മുതൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 ദിവസമായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്ന് രാവിലെ മുതൽ മരുന്നുകൾക്ക് ശരീരം പ്രതികരിക്കാതിരിക്കുകയും നില ഗുരുതരമാവുകയും ചെയ്തതിനെ തുടർന്ന് അവയവ പ്രവർത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചത്.
1924 ഡിസംബർ 26ന് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുവൈകുണ്ടത്തിൽ ജനിച്ച അദ്ദേഹം എട്ട് ദശാബ്ദത്തിലേറെയായി ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവായിരുന്ന നല്ലകണ്ണ്, സിപിഐയുടെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഒരു കാലഘട്ടത്തിന്റെ അവസാനമായി വിലയിരുത്തപ്പെടുന്നു.