തിരുവല്ല: പേ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്.
ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയായിരുന്ന ഗോപിനാഥൻ, രണ്ടാഴ്ച മുൻപാണ് രാത്രി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. നായയുടെ നഖം കൊണ്ട് ചെറിയ മുറിവേറ്റെങ്കിലും ഇത് പ്രാധാന്യമില്ലാത്തതെന്ന് കരുതി ചികിത്സ തേടിയില്ല.
തുടർന്ന് പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണം ഇന്നലെ പുലർച്ചെ നടന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ശാന്തകുമാരി മക്കൾ: രജനി, രഞ്ജിനി
