
ന്യൂഡൽഹി: കേരളത്തിലും സമീപ പ്രദേശങ്ങളിലും പ്രധാന റെയിൽവേ റൂട്ടുകളിൽ മൂന്നാം–നാലാം പാത നിർമ്മാണ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ മറുപടിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മംഗളൂരു–ഷൊർണൂർ മൂന്നാം–നാലാം പാത പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന പ്രവൃത്തി നിലവിൽ പുരോഗമിക്കുകയാണ്. ഈ റൂട്ടിലെ ലൈഡാർ (LiDAR) സർവേ പൂർത്തിയായിട്ടുണ്ട്, പാതയുടെ അലൈൻമെന്റ് അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഷൊർണൂർ–കോയമ്പത്തൂർ, ഷൊർണൂർ–എറണാകുളം റൂട്ടുകളിൽ ഫീൽഡ് സർവേ പൂർത്തിയായിട്ടുണ്ട്. ഈ രണ്ട് പാതകളുടെയും ലൈഡാർ സർവേയും ഡിപിആർഉം അന്തിമമായി അംഗീകരിച്ചിരിക്കുന്നു.
കോട്ടയം വഴി എറണാകുളം–കായംകുളം മൂന്നാം പാത പദ്ധതിയിൽ ട്രാഫിക് സർവേ പൂർത്തിയായിട്ടുണ്ട്, ഫീൽഡ് സർവേ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
കായംകുളം–തിരുവനന്തപുരം റൂട്ടിൽ ലൈഡാർ സർവേ പൂർത്തിയായിട്ടുണ്ട്, പാതയുടെ അലൈൻമെന്റ് അന്തിമപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഈ റെയിൽവേ പാത വികസന പദ്ധതികൾ നടപ്പാകുന്നതോടെ ട്രെയിൻ ഗതാഗത ശേഷി വർധിക്കുമെന്നും തിരക്ക് കുറയുമെന്നും യാത്രക്കാരുടെയും ചരക്കുമാറ്റത്തിന്റെയും സൗകര്യം മെച്ചപ്പെടുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.