
ന്യൂഡൽഹി: ക്രിസ്മസും പുതുവത്സരവും മുന്നിൽ കണ്ട് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒമ്പത് റെയിൽവേ സോണുകളിലായി 138 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി 650 ട്രിപ്പുകൾ ആസൂത്രണം ചെയ്ത് അംഗീകരിച്ചതായും റെയിൽവേ അറിയിച്ചു.

റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇതുവരെ 244 ട്രിപ്പുകൾക്ക് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ സോണുകളിൽ വെസ്റ്റേൺ റെയിൽവേയും സൗത്ത് സെൻട്രൽ റെയിൽവേയും 26 പ്രത്യേക ട്രെയിനുകൾ വീതം ഓടിക്കും. സെൻട്രൽ റെയിൽവേ 18 ട്രെയിനുകളും, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 12 ട്രെയിനുകളും ഈ ഉത്സവകാലത്ത് സർവീസ് നടത്തും.
ഈ പ്രത്യേക ട്രെയിനുകൾ വഴി അധിക ശേഷിയും കൂടുതൽ സൗകര്യങ്ങളും യാത്രാസൗഖ്യവും ഉറപ്പാക്കാൻ കഴിയുമെന്നും, ഇതിലൂടെ യാത്രക്കാർക്ക് 2026-ലെ ക്രിസ്മസും പുതുവത്സരവും തടസ്സമില്ലാതെ ആഘോഷിക്കാൻ സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.